അരുവിത്തുറയല്ല, ഈരാറ്റുപേട്ടയെന്ന് പറയണം. നഗരസഭാ കൗണ്‍സിലറുടെ സംഭാഷണം പുറത്ത്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഫോണ്‍ സംഭാഷണത്തിനിടെ, അരുവിത്തുറയല്ല, ഈരാറ്റുപേട്ടയെന്ന് പറയണമെന്ന് ഉപദേശിച്ച നഗരസഭാ കൗണ്‍സിലറുടെ പ്രസ്താവന വിവാദമായി.
കോട്ടയത്തെ ഒരു വന്ധ്യതാ ക്ലിനിക്കില്‍നിന്നും എത്തിയ ഫോണ്‍കോളിനിടെയാണ് അരുവിത്തുറയിലെ ക്ലിനിക്കില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് പറഞ്ഞപ്പോൾ അരുവിത്തുറയല്ല, ഈരാറ്റുപേട്ടയാണെന്ന് കൗണ്‍സിലര്‍ അനസ് പാറയില്‍ തിരുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ വിവാദം ഉയരുകയായിരുന്നു.
കോട്ടയത്തുള്ള ഫെര്‍ട്ടിലിറ്റി സെന്ററില്‍ നിന്ന് വിളിച്ച വനിത, അരുവിത്തുറ കിസ്‌കോ ലാബില്‍ വന്ധ്യതാ ഫ്രീ ക്യാമ്പ് സംഘടിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ അരുവിത്തുറയില്‍ ലാബില്ലെന്നും ലാബ് ഈരാറ്റുപേട്ടയിലാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. അരുവിത്തുറയിലാണോ ഈരാറ്റുപേട്ടയിലാണോ എന്ന് ചോദിച്ചപ്പോള്‍ അരുവിത്തുറയെന്ന് വനിത വീണ്ടും പറഞ്ഞു. എന്നാല്‍ അരുവിത്തുറ എന്നൊരു സ്ഥലമില്ലെന്നും ഈരാറ്റുപേട്ട കൂട്ടിയാണ് സ്ഥാപനങ്ങളുള്ളതെന്നും അനസ് വിശദീകരിച്ചു.
ഈരാറ്റുപേട്ട അരുവിത്തുറ എന്നൊരുഭാഗമുണ്ടെന്നും അനസ് കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലറായ തന്നോടൊന്നും അങ്ങനെ പറയരുതെന്നും അനസിന്റെ ഫോണ്‍ കോളില്‍ പറയുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കാനുളള വിവരം വാര്‍ഡില്‍ അറിയിക്കണമെന്ന് വനിത പറഞ്ഞപ്പോള്‍, അരുവിത്തുറ എന്നാണെങ്കില്‍ ഷെയര്‍ ചെയ്യില്ലെന്നും ഇത് വര്‍ഗീയതയല്ലെന്നും അനസ് വ്യക്തമാക്കി.
ഈ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വലിയ തോതിലുള്ള വിവാദം ഉയര്‍ന്നത്. വാസ്ട്ആപ് ഗ്രൂപ്പുകളിലൂടെ ഈ സന്ദേശം വലിയ തോതില്‍ പരക്കുന്നുണ്ട്. അരുവിത്തുറ എന്ന പേര് ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നാണ് പല പോസ്റ്റുകള്‍ക്കുമൊപ്പം പരക്കുന്ന സന്ദേശം.
മുന്‍പ് ആധാര്‍ കാര്‍ഡ് ക്യാംപെയന്‍ സമയത്ത് അരുവിത്തുറ പിഒ എന്ന പേര് വന്നത് മേഖലയില്‍ വിവാദമുയര്‍ത്തിയിരുന്നു. അരുവിത്തുറ പള്ളി അടക്കമുള്ള ഭാഗം അരുവിത്തുറ പോസ്റ്റ് ഓഫീസിൻ്റെ കീഴിലാണ്. അതേസമയം, കിസ്‌കോ ലാബിന്റെ അഡ്രസില്‍ അരുവിത്തുറ എന്നല്ല ഈരാറ്റുപേട്ടയെന്നാണ് ചേര്‍ത്തിരിക്കുന്നത്.
എന്നാല്‍ ദുരുദ്ദേശപരമായി താനൊന്നും സംസാരിച്ചിട്ടില്ലെന്ന് അനസ് പാറയില്‍ പറഞ്ഞു. വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതുമായി മുന്നോട്ട് പോകട്ടെയെന്നും താന്‍ അതിനൊന്നും പ്രതികരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരെ വാ നേരെ പോ എന്നാണ് തന്റെ നിലപാട്. ലൈസന്‍സിയുടെ അഡ്രസ് ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തത്. അവര് എന്താണ് ഉദ്ദേശിക്കുന്നത് അത് നടപ്പാക്കട്ടെയെന്നും അനസ് കൂട്ടിച്ചേര്‍ത്തു.