അട്ടപ്പാടി ശിശുമരണം; ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കാന്‍ നടപടിയുമായി കോട്ടത്തറ ആശുപത്രി
സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനം.
കോട്ടത്തറ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. പുറത്താക്കല്‍ ഉത്തരവ് നാളെ പുറത്തിറങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഎംഎസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. എച്ച്‌എംസി ഇന്ന് ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയമുണ്ടായിരിക്കേ വൈകിട്ട് അടിയന്തിര യോഗം ചേര്‍ന്ന് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രന്‍ സ്ഥിരീകരിച്ചത്.
ഗര്‍ഭകാലത്ത് സ്കാന്‍ ചെയ്യണമെങ്കില്‍, വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആര്‍ഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല.
ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്. ഇത്രമാത്രം പ്രധാനപ്പെട്ട ആശുപത്രിയായിട്ടും കോട്ടത്തറ ആശുപത്രിയില്‍ ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണുളളത്. ഹൈടെന്‍ഷന്‍ കണക്ഷനിലേക്ക് മാറിയെങ്കില്‍ മാത്രമെ സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുമാകൂ.
12 കോടി രൂപയുടെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് ചന്ദ്രന്‍ പറഞ്ഞിരുന്നു.