
കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ; പ്രതികൾ സ്ഥിരം ക്രിമിനലുകൾ; നാടിനെ നടുക്കിയ കേസിലെ പ്രതികളെ 24 മണിക്കൂറിനകം അകത്താക്കി കിടങ്ങൂർ പൊലീസ്
സ്വന്തം ലേഖകൻ
കിടങ്ങൂർ: കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ.
റിട്ട: ഹെഡ്മാസ്റ്റർ ശൗര്യം കുഴിയിൽ വീട്ടിൽ ജോസഫ് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി കിടങ്ങൂർ സർവീസ് കോപ്പറേറ്റീവ് ബാങ്കിലും എസ് ബി ഐ ബാങ്കിലുമെത്തി 2.45 ലക്ഷം രൂപ എടുത്തശേഷം സ്കൂട്ടറിൽ മാന്താടി കവല-പാദുവ റോഡിലൂടെ വീട്ടിലേക്ക് പോകുംവഴിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ടൗണിൽ വെച്ച് ജോസഫിനെ കണ്ട് പ്രതികൾ സ്കൂട്ടറിൽ പിന്തുടർന്ന് ചൂരക്കാട്ട് ഭാഗത്തെത്തുകയും ജോസഫ് വരുന്നത് കാത്ത് നിന്ന പ്രതികൾ ആളൊഴിഞ്ഞ ചൂരക്കാട്ട്പ്പടി ഭാഗത്ത് വെച്ച് ജോസഫിനെ തടഞ്ഞുനിർത്തി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.45 ലക്ഷം രൂപ തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
കിടങ്ങൂർ അയർക്കുന്നം സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ശ്രീജിത്ത് ബെന്നി, സ്വരജിത്ത് എന്നിവരാണ് പണം തട്ടിയെടുത്ത് മുങ്ങിയത്.
ഇവരെ ജോസഫ് തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവി ശില്പ ഐപിഎസിന്റെ മേൽനോട്ടത്തിൽ പാലാ ഡിവൈഎസ്പി ഷാജു ജോസ്, കിടങ്ങൂർ എസ് എച്ച് ഒ ബിജു കെ ആർ, എസ് ഐ മാരായ കുര്യൻ മാത്യു, റെജി പി ജോസഫ്, എ എസ് ഐ മാരായ ബിജു ചെറിയാൻ, മഹേഷ് കൃഷ്ണൻ, സിപിഒ മാരായ സുനിൽകുമാർ എം ജി, അരുൺകുമാർ എസ്, സന്തോഷ് കെ കെ, ഗ്രിഗോറിയസ് ജോസഫ്, സനീഷ് പി എൽ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി.
പ്രതികളെ കൃത്യ സമയത്ത് സ്കൂട്ടറിലെത്തിച്ച ഒരാളെ ഇനിയും പിടികിട്ടാനുണ്ട്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.