
വവ്വാൽ തട്ടി കടന്നൽക്കൂട് ഇളകി; മരണ വീട്ടിലെത്തിയ 20 പേർക്കു കടന്നലുകളുടെ കുത്തേറ്റു; നാല് വളർത്തു പ്രാവുകൾ ചത്തു
സ്വന്തം ലേഖിക
തൃശൂർ: മരണ വീട്ടിലേക്കു വന്ന 20 പേർക്കു കടന്നലുകളുടെ കുത്തേറ്റു.
പുത്തൻപീടികയ്ക്ക് സമീപം ഗവൺമെൻ്റ് ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. യതീന്ദ്രദാസിന്റെ പറമ്പിലെ പ്ലാവിൻ കൊമ്പിലെ വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്നാണ് ഇളകിയതെന്നു പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിമ്പൂർ പല്ലൻ മേരിക്ക് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ ആക്രമണത്തിൽ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റു.
ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടർന്നു കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാക്കോയുടെ ദേഹത്തെ കടന്നലുകളെ ചൂൽ കൊണ്ട് തട്ടി മാറ്റുന്നതിനിടെ പടിഞ്ഞാറെത്തല വിജോക്കും കുത്തേറ്റു.
തണ്ടാശേരി അരുൺ, വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് ഉൾപ്പെടെ 20 പേർ പ്രഥമ ചികിത്സ തേടി.