വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന ബന്ധം ഭർത്താവ് അടുത്ത് ഇല്ലാത്തതിനാൽ വീണ്ടും തുടർന്നു; അവിഹിതബന്ധത്തിന് തടസ്സമാകും എന്നു കരുതി വിഷപാമ്പിനെ ഉപയോ​ഗിച്ച് അമ്മായിയമ്മയെ കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: പ്രായമായ സ്ത്രീയെ കൊലപ്പെടുത്താൻ വിഷപാമ്പിനെ ആയുധമായി ഉപയോ​ഗിക്കുന്നത് ഹീനമായ കുറ്റമെന്ന് സുപ്രീംകോടതി. തന്റെ അവിഹിത ബന്ധത്തെ എതിർത്ത അമ്മായി അമ്മയെ യുവതി വിഷപാമ്പിനെ ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കേസിലെ കൂട്ടു പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചു.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സുബോധ് ദേവി എന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് വളരെ സാധാരണമായ പാമ്പുകടിയേറ്റാണ് ഇവർ മരിച്ചതെന്നാണ് ആദ്യം വിശ്വസിക്കപ്പെട്ടത്. എന്നാൽ പിന്നീട് മരുമകളും കാമുകനും ചേർന്ന് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുബോധ് ദേവിയുടെ പട്ടാളക്കാരനായ മകൻ സച്ചിൻ 2018 ഡിസംബറിലാണ് അപർണയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് മനീഷ് എന്നയാളുമായി ബന്ധമുണ്ടായിരുന്ന അപർണ ഭർത്താവ് അടുത്ത് ഇല്ലാത്തതിനാൽ വീണ്ടും കാമുകനോട് കൂടുതൽ അടുത്തു. എന്നാൽ മരുമകൾ ആരോടോ ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുന്നത് കണ്ട ദേവി അവളെ ശാസിച്ചിരുന്നു. അമ്മായിയമ്മ അവരുടെ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയ മനീഷും അപർണയും കൃഷ്ണ കുമാർ എന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പാമ്പാട്ടിയിൽ നിന്ന് 10,000 രൂപയ്ക്ക് ഒരു വിഷപ്പാമ്പിനെ വാങ്ങി.

തുടർന്ന് 2019 ജൂൺ 2ന് ദേവിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം മരണം സ്വാഭാവിക പാമ്പുകടിയേറ്റാണെന്ന് കരുതിയിരുന്നെങ്കിലും ചില ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. അന്വേഷണത്തിനിടെ, സംഭവ ദിവസം അപർണയും മനീഷും തമ്മിൽ 124 കോളുകളും വിളിച്ചിരുന്നുവെന്നും അപർണയും കൃഷ്ണ കുമാറും തമ്മിൽ 19 കോളുകൾ വിളിച്ചിരുന്നതായും തെളിഞ്ഞു. 2020 ജനുവരിയിൽ ദേവിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.