video

00:00

കോട്ടയത്തെ 17 ഗ്രാമപഞ്ചായത്തുകൾ ഒ.ഡി.എഫ്. പ്ലസ് പദവിയിലേക്ക്; പ്രഖ്യാപനം ഒക്ടോബർ രണ്ടിന്

കോട്ടയത്തെ 17 ഗ്രാമപഞ്ചായത്തുകൾ ഒ.ഡി.എഫ്. പ്ലസ് പദവിയിലേക്ക്; പ്രഖ്യാപനം ഒക്ടോബർ രണ്ടിന്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റിയതിന് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി.

പൂഞ്ഞാർ, ആർപ്പൂക്കര, അയ്മനം, കടുത്തുരുത്തി, പാറത്തോട്, മുത്തോലി, വാകത്താനം, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പുതുപ്പള്ളി, കിടങ്ങൂർ, കുറവിലങ്ങാട്, വെച്ചൂർ, വാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തിൽ ഒ.ഡി.എഫ് പ്ലസ് പദവിക്ക് അർഹത നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്‌ടോബർ രണ്ടിന് തദ്ദേശസ്വയംഭരണസ്ഥാപന തലത്തിൽ പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായത്തുകൾ ഭരണസമിതിയോഗം ചേർന്ന് പ്രമേയം പാസാക്കിയാണ് വില്ലേജ് അടിസ്ഥാനമാക്കി പ്രഖ്യാപനം നടത്തുക.

ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും വെളിയിട വിസർജ്ജന വിമുക്ത (ഒ.ഡി.എഫ്) പദവി നേരത്തെ നേടിയിരുന്നു. ഈ പദവി നിലനിർത്തുകയും ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യമാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കുകയും പ്രദേശത്തെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങൾക്കാണ് പദവി നൽകുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സർവേ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ വിലയിരുത്തൽ, ജില്ലാ ഏകോപനസമിതിയുടെ ശിപാർശ, നടപ്പാക്കിയ പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പദവി ലഭ്യമാക്കിയത്.

വീടുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കൽ, മലിനജലം, പ്ലാസ്റ്റിക് കൂമ്പാരങ്ങൾ എന്നിവയില്ലാതെ പൊതു ഇടങ്ങളുടെ സംരക്ഷണം, ജൈവ-അജൈവ-ദ്രവ്യ മാലിന്യ സംസ്‌ക്കരണ സൗകര്യങ്ങൾ ഒരുക്കൽ, പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം, ഹരിതകർമ്മസേനയുടെ രൂപീകരണം തുടങ്ങിയ മാനദണ്ഡങ്ങളും പദവിക്കായി പരിഗണിച്ചിട്ടുണ്ട്.