
വാളയാർ ഡാമിൽ കാണാതായ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
സ്വന്തം ലേഖിക
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിയക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര്‍ മേഖലയില്‍ ഇവര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.
ഇവരുള്‍പ്പടെ അഞ്ചംഗ സംഘം ഇന്നലെ വാളയാര്‍ ഡാം കാണാന്‍ എത്തിയതായിരുന്നു. ഉച്ചയോടെ കുളിയ്ക്കാനിറങ്ങിയ ഇവരില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് , പൊലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ മുതല്‍ നേവിയും പരപ്പനങ്ങാടിയില്‍ നിന്നുള്ള ട്രോമ കെയര്‍ അംഗങ്ങളും തിരച്ചിലില്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ കുളിക്കാന്‍ ഇറങ്ങിയ ഇടത്തില്‍ നിന്ന് 50 മീറ്റര്‍ അകലെ നിന്നും കോയമ്പത്തൂര്‍ കാമരാജ് നഗര്‍ സ്വദേശി പൂര്‍ണേഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. തുടര്‍ന്ന് സുന്ദരപുരം സ്വദേശി ആന്റോയുടേയും സഞ്ജയ് കൃഷ്ണന്റെയും മൃതദേഹം കിട്ടി.
കോയമ്പത്തൂര്‍ ഒറ്റക്കാല് മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥികളായിരുന്നു മൂവരും.
അണക്കെട്ടിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും വ്യക്തമാക്കി. മണലെടുത്ത ഭാഗത്തെ കുഴികളില്പ്പെട്ടും ചെളിയില്‍ കുടുങ്ങിയുമാണ് അപകടം സംഭവിക്കുന്നത്. മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ചോളം പേരാണ് മരിച്ചത്.