ലക്ഷ്മി സംസാരിച്ചു തുടങ്ങി: ബാലഭാസ്‌കറിന്റേയും തേജസ്വനിയുടേയും വിയോഗം താങ്ങാനാവാതെ പൊട്ടിക്കരയുന്നു; കണ്ടു നിൽക്കുന്നവരുടേയും ഹൃദയം നുറുങ്ങുന്ന കാഴ്ച
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങിയതായി ആശുപത്രി അധികൃതർ. ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായതിനെ തുടർന്ന് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകൾ ഭേദമായി വരികയാണെന്നും മുറിവുകൾ ഉണങ്ങാൻ ഇനിയും സമയമെടുക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ബാലഭാസ്‌കറിന്റേയും തേജസ്വനിയുടേയും വിയോഗത്തിൽ മനംനൊന്ത് പൊട്ടികരയുന്ന ലക്ഷ്മിയെ കണ്ടുനിൽക്കുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ്. ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഇത് ചികിൽസയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതുകൊണ്ട് ലക്ഷ്മിയെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്നും ലക്ഷ്മി ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനില പൂർണമായും വീണ്ടെടുക്കുന്ന സാഹചര്യത്തിൽ ലക്ഷ്മിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും.