
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കെണിയിൽ വീഴ്ത്തി; അധ്യാപികയാണെന്നും അവിവാഹിതയെന്നും പറഞ്ഞ് വിവാഹ വാഗ്ദാനം; ഹണി ട്രാപ്പിലൂടെ 11 ലക്ഷം തട്ടിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ
സ്വന്തം ലേഖകൻ
പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയം നടിച്ച് പ്രണയിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത ഭാര്യയും ഭർത്താവും അറസ്റ്റിൽ.
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവില്‍നിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റിയപ്പോള്‍ സംഘടിത തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ദമ്പതികള്‍ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്.
നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോടെക് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്.
പൊലീസ് പറയുന്നതിങ്ങനെ:
2020 ഏപ്രിലിലാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയാണെന്നും യുവാവിനോട് യുവതി പറഞ്ഞു.
എസ്‌എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. സൗഹൃദം തുടര്‍ന്നതോടെ മഹേഷിനെ വിവാഹം കഴിക്കാനുള്ള സന്നദ്ധത പാര്‍വതി അറിയിച്ചു.
വിവാഹാലോചനകള്‍ നടക്കുന്ന മഹേഷാകട്ടെ പാര്‍വതിയെ കണ്ടപ്പോള്‍ ഇവള്‍ തന്നെ തന്റെ ഭാര്യ എന്നുറപ്പിക്കുകയും ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ പാര്‍വതി പറഞ്ഞതെല്ലാം പച്ച കള്ളമായിരുന്നു.
ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവില്‍നിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്.
ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നല്‍കി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി കാര്‍ വാടകയ്ക്കെടുത്തു നല്‍കിയതിന് 8,000 രൂപയും ചെലവഴിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്.
വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്ബോള്‍ പാര്‍വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാന്‍ പാര്‍വതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനില്‍ ലാല്‍ ഭര്‍ത്താവാണെന്നും ഇവര്‍ക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്.
താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ മഹേഷ് പന്തളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍, എഴുകോണ്‍ സ്വദേശികളെയും സമാന രീതിയില്‍ ദമ്പതികള്‍ പറ്റിച്ചിട്ടുണ്ട്. പിടിയിലാകുന്നത് ആദ്യമാണ്. തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിട്ടില്ലാത്തിനാല്‍ ഇതു വരെ രക്ഷപ്പെട്ടു പോരുകയായിരുന്നു. പ്രതികള്‍ക്ക് പൊലീസില്‍ അടക്കം ബന്ധമുള്ളതായും പറയപ്പെടുന്നു. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ വിനോദ്കുമാര്‍ ടി.കെ, എസ്സിപിഒ സുശീല്‍കമാര്‍ കെ, സിപിഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സിപിഒ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.