
മുപ്പത്തിനാല് വയസ്സിനിടെ ഏഴ് കുട്ടികള്‍; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം കഴിഞ്ഞു; ലഹരിക്കടിമയായ ഭര്‍ത്താവില്‍ നിന്നും കൊടിയ പീഢനം; കണ്ണൂരിലെ ഫസീലയുടെയും മക്കളുടെയും ജീവിതത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടു
സ്വന്തം ലേഖകന്‍
കണ്ണൂര്‍: മുപ്പത്തിനാല് വയസ്സിനിടെ ഏഴ് കുട്ടികളുടെ അമ്മയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഫസീലയുടെ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ ജനപ്രതിനിധികള്‍. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിരവധി തവണ ആത്മഹത്യയ്ക്ക് ഉള്‍പ്പെടെ ശ്രമിച്ച ഫസീലയുടെ ദുരിതം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ജനപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചത്. വാടകവീട്ടില്‍ കുട്ടികളുമായി കഴിയുന്ന ഫസീല കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.
എട്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ ഫസീല വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹിതയായത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച കുട്ടി വളരെ പെട്ടെന്ന് പ്രാരാബ്ധങ്ങളുടെ നടുവിലകപ്പെട്ടു. വിവാഹശേഷമുള്ള ഇവരുടെ ജീവിതം ദുരിതക്കടലായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് മന്‍സൂര്‍ പിന്നീട് കഞ്ചാവ്, മയക്ക്മരുന്ന് തുടങ്ങിയ മാരക ലഹരികളും ഉപയോഗിച്ച് തുടങ്ങിയതോടെ പീഡനങ്ങള്‍ പതിവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം കുടുംബത്തിന്റെ ആധാരം പണയപ്പെടുത്തി ഭര്‍ത്താവ് മന്‍സൂറിനെ സലാലയില്‍ ജോലിയ്ക്കായി അയച്ചെങ്കിലും അവിടെ പ്രശ്‌നങ്ങളുണ്ടാക്കി ഇയാള്‍ തിരികെ നാട്ടിലെത്തി. ഇപ്പോള്‍ ഫസീലയുടെ സ്വന്തം വീട്ടുകാരും വാടക വീട്ടിലാണ് കഴിയുന്നത്. സഹായത്തിനായി ഇവരെയും ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥ. വാടക വീട്ടില്‍ ദുരിതത്തില്‍ കഴിയുന്ന ഫസീലക്കും മക്കള്‍ക്കും കോവിഡ് ഉള്‍പ്പെടെ ബാധിച്ചിരുന്ന സമയത്തും സഹായങ്ങള്‍ ലഭിച്ചിരുന്നില്ല. കുട്ടികളുടെ പഠനച്ചിലവുകള്‍ക്കും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ജീവിതം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ജനപ്രതിനിധികള്‍ ഇടപെടുകയായിരുന്നു.