കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരള സർക്കാർ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെടുന്ന 36 കേസുകൾ; പിൻവലിച്ചത് 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലുള്ള കേസുകൾ
സ്വന്തം ലേഖകൻ
ഡൽഹി: കേരള സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള 36 കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചു.
2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 ക്രിമിനൽ കേസുകളും, ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്.
തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും, കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള കേസുകൾ പിൻവലിക്കരുതെന്നാണ് സുപ്രീംകോടതി നിർദ്ദേശം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കേണ്ടതാണെന്നും കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു.
സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ പിൻവലിച്ച കേസുകളുടെ എണ്ണവും നിലവിൽ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും കേരള ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇതിലേറെയും. ഏറ്റവും അധികം കേസുകൾ ഉള്ളത് തിരുവനന്തപുരത്താണ്. രണ്ടാമത് കോട്ടയം ജില്ലയിൽ.
എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള കേസുകളുടെ കാര്യത്തിൽ വിശദമായ ഉത്തരവ് ഉടൻ ഇറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഒരു വർഷത്തിനുള്ളിൽ പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണമെന്ന നിർദ്ദേശം ഉണ്ടായാൽ 36 കേസുകളിൽ നിന്ന് പുറത്തുപോയ എംഎൽഎമാർക്കും എംപിമാർക്കും വിചാരണ നേരിടേണ്ടിവരും.
എംപി മാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ 170 കേസുകളുടെ വിചാരണയാണ് നിലവിൽ പൂർത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരിൽ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോൺഫെറൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിൽ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അഭിഭാഷകനായ ടി.ജി.എൻ.നായരാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്