Saturday, April 25, 2026

താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് താലിബാന്‍ ആഹ്വാനം; കാബൂളില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ അതിസാഹസികമായി ഒഴിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാബുള്‍ : താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. “എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക്‌ ആത്മവിശ്വാസത്തോടെ തിരികെ വരണം”, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കാബൂളില്‍ നിന്ന് നയതന്ത്ര പ്രതിനിധികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ അതിസാഹസികമായി ഒഴിപ്പിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി സദാസമയവും താലിബാന്റെ നിരീക്ഷണത്തിലായിരുന്നു.

എന്തും സംഭവിക്കാമെന്ന സാഹചര്യത്തിനിടയില്‍ നിന്നാണ് 140 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സുരക്ഷിതമായി കാബൂളില്‍ നിന്ന് തിരിച്ചെത്തിയത്.

വിമാനത്താവളം തുറന്നതിനു പിന്നാലെ ഇന്ന് രാവിലെ കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ലാന്‍ഡ് ചെയ്തു. പാക് വ്യോമപാത ഒഴിവാക്കി ഇറാന്‍ വഴിയാണ് എയര്‍ ഇന്ത്യ വിമാനം യാത്ര ചെയ്തത്.

ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും നാല് മാധ്യമപ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനില്‍ കുടുങ്ങിയിരുന്നത്.

ഇവരെ തിരിച്ചെത്തിക്കാനായി ഓഗസ്ത് 15നാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്.

എന്നാല്‍ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായി. താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ വ്യോമപാത അടച്ചു, ഇതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെട്ടത്.

ഇന്ത്യന്‍ സംഘത്തെ കാബൂളില്‍ നിന്ന് ഒഴിപ്പിക്കാനായി പോയ ഇന്ത്യന്‍ വ്യോമസേന വിമാനം ആദ്യം വിമാനത്താവളത്തില്‍ താലിബാന്‍ തടഞ്ഞിരുന്നു.

ഇന്ത്യന്‍ സംഘത്തില്‍ ചിലരുടെ പക്കല്‍ നിന്ന് താലിബാന്‍ സ്വകാര്യ വസ്തുക്കള്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലേക്ക് അഭയം തേടി വരുന്ന അഫ്ഗാനികള്‍ക്ക് കാബൂളില്‍ താല്‍ക്കാലിക വിസ അനുവദിക്കുന്ന വിസ ഏജന്‍സി താലിബാന്‍ റെയ്ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.