സംസ്ഥാനത്ത് വാകിസിൻ ക്ഷാമം രൂക്ഷം; 4 ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു; പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ കോവാക്സിൻ മാത്രം; സ്വകാര്യ മേഖലയിൽ വാക്സിനേഷനു പ്രശ്നമില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ പ്രതിസന്ധി രൂക്ഷം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. മറ്റു ജില്ലകളിലും വാക്സിൻ ഇന്ന് തീർന്നേക്കും.
സർക്കാരിന്റെ കൈവശം കോവിഷീൽഡിന്റെ സ്റ്റോക്ക് തീർന്നതിനാൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സർക്കാർ മേഖലയിൽ ഇന്ന് കോവിഷീൽഡ് വാക്സിനേഷൻ ഉണ്ടാകില്ല. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ കോവാക്സിൻ മാത്രമാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സ്വകാര്യ മേഖലയിൽ ബുക്ക് ചെയ്ത വാക്സിനേഷൻ നടക്കുന്നുണ്ട്. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിൻ വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സിൻ ലഭ്യമാകില്ല.
കേന്ദ്രസർക്കാർ കൂടുതൽ ഡോസ് ഒരുമിച്ച് അനുവദിച്ചില്ലെങ്കിൽ വാക്സിനേഷൻ അനിശ്ചിതത്തിലാകുമെന്നു മന്ത്രി വീണാ ജോർജ് ഇന്നലെ നിയമസഭയെ അറിയിച്ചു.
കുറഞ്ഞ അളവിൽ വാക്സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ലെന്നും കിട്ടുന്ന വാക്സിൻ പരമാവധി രണ്ടുദിവസത്തിനകം തീരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1.70 ലക്ഷം ഡോസ് ഇന്നലെ വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു.
ഇനി 29-നു മാത്രമേ അടുത്ത സ്റ്റോക്ക് എത്തൂവെന്നാണ് സൂചന. അങ്ങനെയെങ്കിൽ സർക്കാർ സംവിധാനം വഴിയുള്ള വാക്സിൻ വിതരണം രണ്ടുദിവസം പൂർണമായും മുടങ്ങും. സംസ്ഥാനത്ത് കഴിഞ്ഞ 17-നാണ് ഏറ്റവുമൊടുവിൽ വാക്സിൻ എത്തിയത്. 5.54 ലക്ഷം ഡോസാണ് അന്നു ലഭിച്ചത്.
ശനിയാഴ്ച സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷനാണ് നടത്തിയത്. അന്ന് 4.53 ലക്ഷം പേർക്ക് വാക്സിൻ നൽകി. ഞായറാഴ്ച 1.26 ലക്ഷം പേർക്കു വാക്സിൻ നൽകി. സ്വകാര്യ ആശുപത്രികൾ കമ്പനികളിൽ നിന്നു നേരിട്ടുവാങ്ങി നടത്തുന്ന വാക്സിനേഷൻ അടക്കമാണിത്.
കഴിഞ്ഞ ജനുവരി 16-നാണ് സംസ്ഥാനത്തു വാക്സിനേഷൻ ആരംഭിച്ചത്. 18 വയസിനു മുകളിലുള്ള 1.48 കോടിപ്പേർക്ക് ഒരു കുത്തിവയ്പ്പ് പോലും കിട്ടിയിട്ടില്ല.
45 വയസിനു മുകളിലുള്ളവരിൽ 25 ലക്ഷത്തോളം പേർ ആദ്യ ഡോസിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 25 വരെ 1,29,69,475 പേർക്ക് ഒന്നാം ഡോസും 56,21,752 പേർക്ക് രണ്ടാം ഡോസും നൽകി.
അതായത്, സംസ്ഥാനത്തെ 36.95 ശതമാനം പേർക്ക് ഒന്നാം ഡോസും 16.01 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
കഴിഞ്ഞ 18 മുതൽ 24 വരെയുള്ള ഒരാഴ്ചയ്ക്കിടയിൽ 18 ലക്ഷത്തിലധികം പേർക്കു വാക്സിൻ നൽകി. സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്സിനാണു ലഭ്യമായത്.