ആലപ്പുഴയിൽ ജി.സുധാകരൻ പാർട്ടിയിൽ ഒറ്റപ്പെടുന്നു: ജനകീയനായ നേതാവിനെ തിരഞ്ഞെടുപ്പിലെ വീഴ്ചയുടെ പേരിൽ വെട്ടിനിരത്തുന്നു; ജി.സുധാകരനെതിരെ പടയൊരുക്കവുമായി ഐസക്കും സജിചെറിയാനും സംഘവും; സിപിഎമ്മിലെ ആലപ്പുഴ ഉരുക്ക് കോട്ടയ്ക്ക് ഇളക്കമോ
തേർഡ് ഐ ബ്യൂറോ
ആലപ്പുഴ: വി.എസിനു പിന്നാലെ ആലപ്പുഴയിലെ ഏറ്റവും ജനകീയ നേതാവായി ഉയർന്ന ജി.സുധാകരനെയും സി.പി.എം വെട്ടി നിരത്തുന്നു. ആലപ്പുഴയിലെ ഗ്രൂപ്പിസത്തിന്റെ ആഴം വ്യക്തമാക്കിയ തിരഞ്ഞെടുപ്പിനു പിന്നാലെ ഇപ്പോൾ ജി.സുധാകരനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടരുകയാണ്.
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷൻ തെളിവെടുപ്പിന് എത്തുന്നത് ജി സുധാകരനെ ലക്ഷ്യമിട്ട് തന്നെയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സുധാകരനെതിരെ നടപടി അനിവാര്യമാണെന്ന വിലയിരുത്തൽ സജീവമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവെടുപ്പിന് പാർട്ടി കമ്മീഷൻ ഈ മാസം 25ന് ആലപ്പുഴയിലെത്തും. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവർത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഇതുസംബന്ധിച്ച ചർച്ചയിൽ ജി.സുധാകരൻ പ്രതികരിച്ചില്ല. കമ്മീഷൻ തീരുമാനത്തെ ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗവും അനുകൂലിക്കുകയാണ്. ആലപ്പുഴയിൽ സുധാകരൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്നത് ആദ്യമായാണ്. മന്ത്രി സജി ചെറിയാനും മുൻ മന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർ അച്ചടക്ക നടപടി അനിവാര്യമെന്ന നിലപാടിലാണ്.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പേഴ്സൺൽ സ്റ്റാഫ് അംഗമായിരുന്ന ആളിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പാർട്ടിക്ക് സുധാകരൻ വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം പോലും കമ്മ്യൂണിസ്റ്റുകാരന് ചേരാത്തതാണെന്ന അഭിപ്രായം പാർട്ടിയിൽ സജീവമാണ്. ചില ഫോൺ റിക്കോർഡിങ്ങുകളും സുധാകരനെതിരെ മറുപക്ഷം ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷണ സമിതിക്ക് കൈമാറും. കടുത്ത നടപടി തന്നെ വന്നേക്കും. കോഴിക്കോട്ടും സമാന രീതിയിൽ മുതിർന്ന നേതാക്കളെ സിപിഎം നടപടിക്ക് വിധേയമാക്കിയിരുന്നു.
ആലപ്പുഴയിൽ സിപിഎം പ്രതീക്ഷിച്ച സീറ്റുകൾ നേടിയെങ്കിലും അട്ടിമറി പ്രവർത്തനം ഉണ്ടായെന്നാണ് പരാതി. ഇതിന്റെ കാരണക്കാരനായി സുധാകരനെ ഉയർത്തി കാട്ടുകയാണ് ഒരു വിഭാഗം. ഈ മാസം ആദ്യം ചേർന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജി.സുധാകരൻ അമ്ബലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുള്ള പ്രവർത്തനമല്ല സംഘടിപ്പിച്ചതെന്ന വിമർശനമുണ്ടായിരുന്നു. തുടർന്നാണ് രണ്ടംഗ അന്വേഷണ കമ്മിഷനെ നിയമിച്ചത്.
കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. ഇവർ 25ന് ആലപ്പുഴയിലെത്തി പരാതിക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ആലപ്പുഴ ജില്ലാ കമ്മറ്റി ചർച്ചയിൽ 44 അംഗ കമ്മിറ്റിയിൽ അഞ്ചുപേർ മാത്രമാണ് കമ്മിഷനെ നിയോഗിക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതായത് സുധാകരൻ തീർത്തും ഒറ്റപ്പെട്ടു.
രണ്ടു പതിറ്റാണ്ടോളം ആലപ്പുഴയിലെ സിപിഎമ്മിനെ നയിച്ചിരുന്നത് സുധാകരനായിരുന്നു. തോമസ് ഐസക്കിന് സുധാകരന്റെ പ്രതാപത്തെ ചെറുക്കാനായില്ല. പിണറായി വിജയന്റെ വിശ്വസ്തൻ എന്ന നിലയിൽ വി എസ് പക്ഷത്തെ സുധാകരൻ എല്ലാ അർത്ഥത്തിലും അപ്രസക്തനാക്കി. എന്നാൽ ഈ തെരഞ്ഞെടുപ്പോടെ പിണറായിയും സുധാകരനും തമ്മിൽ അകന്നു. ഇതാണ് സുധാകരന് പാർട്ടിയിൽ വിനയാകുന്നത്. സജി ചെറിയാൻ അടക്കമുള്ളവരും സുധാകരനെ പൂർണ്ണമായും കൈവിട്ടു.
ജില്ലാ കമ്മറ്റിയിൽ ഭൂരിഭാഗവും സുധാകരനെ തള്ളി പറഞ്ഞു. ആലപ്പുഴ എംപി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ തോൽക്കുമെന്ന് ഒരു മുതിർന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമർശമാണ് എ.എം.ആരിഫ് നടത്തിയത്. ആലപ്പുഴയിലെ പാർട്ടിക്ക് തന്നെ പരിഹരിക്കാവുന്ന കാര്യമായിരുന്നു. ജയിച്ച മണ്ഡലവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജി. സുധാകരനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടത്.
ജി.സുധാകരന്റെ ഘടകം സിപിഎം സംസ്ഥാനസമിതിയാണ്. ജില്ലാ കമ്മിറ്റിയോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങൾ ഇടപെട്ട് സംസാരിക്കുന്ന പതിവില്ല. വ്യക്തിപരമായ ആരോപണങ്ങളോട് മാത്രമാണ് പ്രതികരിക്കുക. അതുകൊണ്ട് തന്നെ പേരുപറയാതെ ആരിഫ് നടത്തിയ വിമർശനത്തെ പ്രതിരോധിക്കാനും സുധാകരന് കഴിഞ്ഞില്ല.