
മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനെ കഴിയൂ: തിരുവഞ്ചൂർ
സ്വന്തം ലേഖകൻ
കോട്ടയം: മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ എന്നും കോൺഗ്രസിനെ കഴിയൂവെന്നും വിശ്വാസം തകർക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിൽ നടത്തിയ വാഹന പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. അധികാരമേറ്റാൽ മൂന്നു മാസത്തിനുള്ളിൽ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുന്നതിന് പുതിയ നിയമം ഉണ്ടാക്കും. സീതാറം യെച്ചൂരി ഇപ്പോഴും ഉരുണ്ട് കളിക്കുകയാണ്. ബ്രിന്ദാ കാരാട്ട് അതിനേക്കാൾ കൂടുതൽ തപ്പിപറയുകയാണ്. യു.ഡി.എഫിന് ഈ വിഷയത്തിൽ തപ്പലുമില്ല തേടലുമില്ല, നല്ല വ്യക്തതയുണ്ട്. കേരളത്തിലെ വിശ്വാസങ്ങൾ തകർക്കാൻ അനുവദിക്കില്ല. അത് ഏത് വിശ്വാസമായാലും. ക്രിസ്ത്യൻ മത വിശ്വാസങ്ങൾ തകർക്കാൻ ശ്രമമുണ്ടായാൽ അത് എതിർക്കും. മുസ്ലീം മത വിഭാഗത്തിന്റെ വിശ്വാസത്തെ തകർക്കാൻ മുന്നോട്ട് വന്നാൽ അതിനെയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊശമറ്റം കോളനിയിൽ എല്ലാവർക്കും വീടുണ്ട്. വീടില്ലാതിരുന്ന കുറച്ച് പേർക്ക് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വീട് വച്ചുനൽകി. കുടിവെള്ളത്തിന് പ്രശ്നമുണ്ടായിരുന്നു. അത് പരിഹരിച്ചു. അങ്ങനെ കൊശമറ്റത്ത് താമസിക്കുന്ന ഓരോരുത്തർക്കും മെച്ചപ്പെട്ട ജീവിത സാഹര്യം ഒരുക്കി. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത ഘട വികസനം ഇവിടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.