play-sharp-fill
ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിന്റെ മണർകാട്ടെ വീട്ടിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു: മണ്ണിട്ട് നികത്തിയ 40 സെന്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് റവന്യു അധികൃതർ; കർശന നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിന്റെ മണർകാട്ടെ വീട്ടിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു: മണ്ണിട്ട് നികത്തിയ 40 സെന്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് റവന്യു അധികൃതർ; കർശന നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബ്ലേഡ് മാഫിയ തലവനും മണർകാട്ട് ക്രൗൺ ക്ലബിൽ ചീട്ടുകളി നടത്തിപ്പുകാരനുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ വീട്ടിൽ കർശന നടപടിയുമായി അധികൃതർ. മാലം സുരേഷിന്റെ വീട്ടിൽ അനധികൃതമായി മണ്ണിട്ട് നികത്തിയിരുന്ന പാടത്തെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. രണ്ടേക്കറിലധികം ദൂരം പടർന്നു കിടന്നിരുന്ന വീടിന്റെ പരിസരത്തെ പാടം നികത്തിയ 41 സെന്റ് സ്ഥലമാണ് ഇപ്പോൾ തിരികെ പിടിക്കുന്നത്. ജെ.സി.ബിയും ലോറിയും ഉപയോഗിച്ച് റവന്യു വകുപ്പ് അധികൃതരാണ് നടപടികൾക്കു നേതൃത്വം നൽകുന്നത്.

നേരത്തെ സുരേഷിന്റെ മണർകാട് മാലത്തെ വീട് പാടം നികത്തിയാണ് നിർമ്മിച്ചതെന്നു പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ വ്യക്തി ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ സ്ഥലം പാടം നികത്തിയതാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാടശേഖരം നികത്തിയ സ്ഥലത്തെ മണ്ണ് തിരികെ പിടിക്കാൻ നടപടിയായിരിക്കുന്നത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോട്ടയം സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയോടെയാണ് റവന്യു വിഭാഗം അധികൃതർ മണർകാട്ടെ സുരേഷിന്റെ വീട്ടിൽ എത്തിയത്. തുടർന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷം മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി. ഈ സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിക്കുകയായിരുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതിനാണ് നീക്കം.

നേരത്തെ കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യു വിഭാഗം അധികൃതർ സ്ഥലത്ത് എത്തി കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയിരുന്നു. മാലത്ത് നിർമ്മിച്ച വീടിന്റെ പകുതിയിലേറെ ഭാഗവും പാടം നികത്തിയാണ് നിർമ്മിച്ചതെന്നാണ് ആരോപണം നേരത്തെ ഉയർന്നിരുന്നു. നേരത്തെ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് കയ്യേറ്റം ഉണ്ടെന്നു റവന്യു വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ റവന്യു വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്.

കോടികൾ മുടക്കിയാണ് ഈ വീട് നിർമ്മിച്ചത്. മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മുടക്കി നടന്ന ചീട്ടുകളിയിൽ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്നാണ് സുരേഷ് സെക്രട്ടറിയായുള്ള മണർകാട്ടെ ക്രൗൺ ക്ലബിൽ മാസങ്ങൾ മുൻപ് റെയ്ഡ് നടന്നത്. സുരേഷിനെ ഈ കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ചോദ്യം ചെയ്യുകയും, കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു.