video
play-sharp-fill
ട്രമ്പ് ഇനി ജയിലിലേയ്‌ക്കോ..! പെണ്ണുകേസു മുതൽ സാമ്പത്തിക തട്ടിപ്പുവരെ; തോൽവിയ്ക്കു പിന്നാലെ ട്രമ്പിനെ കാത്തിരിക്കുന്നത് മുട്ടൻ കുരുക്ക്

ട്രമ്പ് ഇനി ജയിലിലേയ്‌ക്കോ..! പെണ്ണുകേസു മുതൽ സാമ്പത്തിക തട്ടിപ്പുവരെ; തോൽവിയ്ക്കു പിന്നാലെ ട്രമ്പിനെ കാത്തിരിക്കുന്നത് മുട്ടൻ കുരുക്ക്

തേർഡ് ഐ ബ്യൂറോ

വാഷിംങ്ടൺ: വിടുവായത്തരവും കയ്യിലിരുപ്പും മൂലം നാട്ടുകാരുടെ മുഴുവൻ വെറുപ്പ് സമ്പാദിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തോൽവിയ്ക്കു പിന്നാലെ ജയിലിലേയ്ക്ക്. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ, ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ നൂലാമാലകളാണെന്നാണ് ന്യൂയോർക്ക് ടൈംസ്‌പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്തുവിലകൊടുത്തും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ട്രംപ് ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. നികുതിവെട്ടിപ്പ് തൊട്ട് സ്ത്രീപീഡനം വരെയുള്ള വിവിധ കേസുകൾ ഡെമോക്രാറ്റുകൾ വിചാരിച്ചാൽ കുത്തിപ്പൊക്കാൻ കഴിയും.

കാരണം ഈ തെരഞ്ഞെുടുപ്പിൽ ട്രംപ് വാക്കുകൾ കൊണ്ട് അവരെ അത്രയേറെ ഉപദ്രവിച്ചിട്ടുണ്ട്. കള്ള കമ്യൂണിസ്റ്റ് എന്നാണ് ട്രംപ് കമലാ ഹാരീസിനെ അധിക്ഷേപിച്ചത്. ബൈഡനെ ഉറക്കം തൂങ്ങിയെന്നും. ബൈഡന്റെ മകൻ ചൈനയിൽനിന്ന് കോടികൾ കൊള്ളയടിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. ഇതിനെല്ലാം തിരിച്ചടി കാത്തിരിക്കുകയാണ് ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഗുരുതരമായത്, മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപ് ഓർഗനൈസേഷനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനൽ അന്വേഷണമാണ്. ജോ ബൈഡൻ വിജയം വലിയ തലവേദനകളാണ് ട്രംപിന് ഉണ്ടാക്കുന്നത്. അത് വൈറ്റ് ഹൗസിലെ വെസ്റ്റ് വിങ് എത്രയും പെട്ടെന്ന് ബൈഡനും സംഘത്തിനും ഒഴിഞ്ഞു കൊടുക്കുക എന്നതിൽ ഒതുങ്ങില്ല എന്നുമാത്രം. ഒന്നിനുപിന്നാലെ ഒന്നായി നിരവധി ക്രിമിനൽ അന്വേഷണങ്ങൾക്ക് ഈ സ്ഥാനനഷ്ടം വഴിയൊരുക്കും. അതിൽ ഏറ്റവും ഗുരുതരമായത്, മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപ് ഓർഗനൈസേഷനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനൽ അന്വേഷണമാണ്.

അനവധി ആരോപണങ്ങൾ അറ്റോർണിയുടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. ബാങ്ക് തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ്, ക്രിമിനൽ ടാക്‌സ് തട്ടിപ്പ്, വ്യാജ ബിസിനസ് രേഖകളുടെ നിർമ്മാണം തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഉണ്ട് ട്രംപിനും സംഘത്തിനും എതിരായി. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനം കഴിഞ്ഞ എട്ടു വർഷമായി നടത്തുന്ന സകല ഇടപാടുകളും, ആദായനികുതി റിട്ടേണുകളും ഒക്കെ ഇതോടെ അന്വേഷണത്തിന്റെ പരിധിയിൽ വരും.

ട്രംപ് സെവൻ സ്പ്രിങ്‌സ്, ട്രംപ് നാഷണൽ ഗോൾഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ നികുതി ഇളവുകളും അന്വേഷിക്കപ്പെടും. അതുപോലെ ട്രംപിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ രേഖാമൂലം പരാതി കിട്ടിയാൽ നടപടി ഉറപ്പാണ്. ഇത്രയും കാലമായി ട്രംപ് പ്രസിഡന്റ് പദവിയിൽ ഇരുന്നിരുന്നു എന്നതുകൊണ്ടുമാത്രം അന്വേഷണം നടത്തപ്പെടാതെ പോയിരുന്ന പല കേസുകളിലും ഇനി ബൈഡൻ പാളയത്തിന്റെ കൂടി ഉത്സാഹത്തിൽ ത്വരിത ഗതിയിൽ അന്വേഷണങ്ങൾ ഉണ്ടാകും.

ഈ അന്വേഷണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ട്രംപിന് സാധിക്കുമോ, ഡൊണാൾഡ് ട്രംപ് എന്ന മുൻ പ്രസിഡന്റിന് കാരാഗൃഹവാസം അനുഭവിക്കേണ്ട ദുര്യോഗമുണ്ടാവുമോ എന്നൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടി വരും. നികുതിവെട്ടിപ്പ് കേസിലും ഡെമോക്രാറ്റുകൾ ട്രംപിന് വലവരിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ പത്തുവർഷമായി ട്രംപ് ആകെ നികുതി അടച്ചത് വെറും 750 ഡോളർ ആണ്. ലാഭത്തേക്കാൾ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു.

നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസുകൾ ഉണ്ടെന്ന് ഓർക്കണം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും അല്ലാതെ ഡോണൾഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

18 വർഷത്തിൽ 11 വർഷവും നികുതി അടച്ചിട്ടില്ല.എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ന്യൂയോർക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളുകയായിരുന്നു.. താൻ ഒരുപാട് ടാക്സ് അടച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.’ഞാൻ ഒരുപാട് അടച്ചു, ഫെഡറൽ ഇൻകം ടാക്സും ഞാൻ അടച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. പക്ഷേ ഇതിനൊന്നും രേഖകൾ ഇല്ലായിരുന്നു. തന്റെ സാമ്പത്തിക കാര്യങ്ങൾ ഓഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് 2016ൽ അദ്ദേഹം ടാക്സ് അറ്റോർണിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.

അതേസമയം 2002 മുതൽ 2008വരെയുള്ള കാലഘട്ടത്തിൽ ട്രംപ് ടാക്സ് അടച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്റേർണൽ റെവന്യൂ സർവീസ് തന്നോട് മോശമായാണ് പെരുമാറുന്നതെന്നും അവരുടെ ഓഡിറ്റിൽ നിന്നും തന്നെ മാറ്റിയാൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതുവരെ എത്ര നികുതി അടച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് ഉത്തരം നൽകിയില്ല.ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്ന പ്രകാരം ട്രംപ് തിരഞ്ഞെടുപ്പിനായി പ്രചരണം നടത്തുമ്പോൾ ഒരേസമയം സാമ്പത്തിക വിജയത്തെക്കുറിച്ച് വീമ്പിളക്കുകയും അതേസമയം ആളുകൾക്കിടയിൽ ദശലക്ഷക്കണക്കിന് സാ്മ്പത്തിക നഷ്ടമുള്ള ബിസിനസുകാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.

ട്രംപ് കൂടുതൽ പണവും തന്റെ വ്യവസായത്തിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 30 കോടി ഡോളറിന്റെ വായ്പ ട്രംപ് അടയ്ക്കാനുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ പല സ്ഥാപനങ്ങൾക്കും വിദേശ ഉദ്യോഗസ്ഥരിൽനിന്നും ലോബിയിസ്റ്റുകളിൽനിന്നും പണം കൈപറ്റിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിശദമാക്കുന്നു.

വിദേശത്തുള്ള ബിസിനസ് സംരംഭം വഴി ട്രംപ് പ്രസിഡന്റായുള്ള ആദ്യത്തെ രണ്ട് വർഷം 730 ലക്ഷം ഡോളർ ഉണ്ടാക്കിയതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഓർഗനൈസേഷൻ ലൈസൻസിംങ് ഇടപാടുമായി ബന്ധപ്പെട്ട് ചില സമഗ്രാധിപത്യ രാജ്യങ്ങളിൽനിന്നും പണം കൈപറ്റിയെന്നും പത്രം ആരോപിച്ചു.

നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാർ തങ്ങളുടെ വ്യക്തിഗത സാമ്ബത്തിക വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാഡ് നിക്സൻ മുതലുള്ളവർ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാൽ തന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച, ട്രംപ് ഈ സമ്പദായം ലംഘിച്ചിരിക്കുകയാണ്. ഇതെല്ലാം ഡെമോക്രാറ്റുകൾ കുത്തിപ്പൊക്കിയാൽ ജയിലിൽ കിടന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് എന്ന അപഖ്യാതിയും ട്രംപിനെ തേടിയെത്തും