
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പരീക്ഷ മാറ്റാതെ പി.എസ്.സി; പരീക്ഷകൾ കൃത്യ സമയത്ത് തന്നെ നടത്തും; ആളുകൾ കൂട്ടം കൂടരുതെന്നു സംസ്ഥാന പൊലീസ് മേധാവി
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും, സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പി.എസ്.സി പരീക്ഷ മാറ്റി വയ്ക്കാതിരുന്നത് വിവാദമാകുന്നു.
പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‌സി പ്രഖ്യാപിച്ചതാണ് ഉദ്യോഗസ്ഥർക്ക് ആശങ്ക ഉയർത്തുന്നത്. ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകൾക്ക് പങ്കെടുക്കണമെന്ന് പിഎസ്‌സി അറിയിച്ചു. നാളെ തൊട്ടുള്ള ആൾക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ അറിയിപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പാലിക്കണമെന്നും പിഎസ്‌സി നിർദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഒക്ടോബർ മൂന്നു മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മൂന്നു മുതൽ ഈ മാസം മുപ്പത്തിയൊന്ന് വരെയാകും പുതിയ നിയന്ത്രണങ്ങൾ. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലെന്നും ഡിജിപി പറഞ്ഞു.
കടകളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു.