
സെക്രട്ടറിയേറ്റിൽ തീ കെടുത്താൻ ആളെത്തും മുൻപ് വിവരം പ്രതിപക്ഷ കക്ഷികൾക്ക് വിവരം ലഭിച്ചു : വിവരം നൽകിയവരെയും നോട്ടമിട്ട് സർക്കാർ ; ഇവരുടെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ സെക്രട്ടറിയേറ്റിലെ തീപിടുത്തം ഉണ്ടായി ഉടൻ തന്നെ കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെ മൊബൈൽ ഫോണിലേക്ക് സെക്രട്ടേറിയറ്റിലെ ചില സെക്യൂരിറ്റി ജീവനക്കാരും മറ്റു ചില ജീവനക്കാരും വിവരം കൈമാറിയെന്ന് ഇന്റലിജൻസ് കണ്ടെത്തൽ.
ഇവരുടെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയതായി സൂചനയുണ്ട്.സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീകെടുത്താൻ ഫയർഫോഴ്‌സെത്തും മുൻപ് തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് വിവരം കൈമാറുകയും സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയുമായിരുന്നു. ഇവരുടെ ഈ നടപടി അന്വേഷണ വിധേയമാക്കണം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തീപിടിത്തം അന്വേഷിക്കുന്ന ഡോ.എ.കൗശികന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ സമിതിയും പൊലീസും ഇക്കാര്യത്തിൽ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിപക്ഷ പ്രക്ഷോഭം സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കെ എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് ചില ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് വിലയിരുത്തൽ.
മന:പൂർവം സർക്കാരിനെ കരിതേച്ച് കാണിക്കാനുള്ള ശ്രമത്തിന് പിന്നിൽ ചില ജീവനക്കാർ ഭാഗാഭാക്കായത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് ഇന്റലിജൻസിന്റെ നിരീക്ഷണം. സെക്രട്ടറിയേറ്റിൽ നിന്നും പ്രതിപക്ഷ നേതാക്കൾക്ക് ജീവനക്കാർ ഫോൺവിളിച്ചതിന്റെ രേഖകൾ സഹിതം സമർപ്പിച്ച റിപ്പോർട്ട് അർഹിക്കുന്ന ഗൗരവവും പ്രാധാന്യവും നൽകി അന്വേഷിക്കാനാണ് തീരുമാനം.
അതേസമയം തീപിടിത്തം സംബന്ധിച്ച അന്വേഷണം മൂന്നാംദിവസത്തിലേക്ക് കടക്കുമ്പോൾ തീപിടിത്തത്തിൽ സംശയത്തിന്റെ നേരിയ ലാഞ്ജനപോലും ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രോട്ടോക്കോൾ ഓഫീസിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. മുഴുവൻ ഫയലുകളും കത്തിച്ച് കളയാനായി ആരെങ്കിലും ശ്രമിച്ചതാണെന്ന് കരുതിയാൽ തന്നെ രാത്രിയിലോ ഓഫീസ് ജീവനക്കാരുടെ അസാന്നിദ്ധ്യത്തിലോ മാത്രമേ അതിന് സാദ്ധ്യതയുളളൂ.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഫിംഗർ പ്രിന്റ് വിദഗ്ദരും ഫോറൻസിക് സംഘവും നടത്തിയ പ്രാഥമിക പരിശോധനയിലും മനുഷ്യകരങ്ങൾ കൊണ്ടുണ്ടായ തീപിടിത്തമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ജീവനക്കാരുടെ മൊഴികളിലും സംശയാസ്പദമായ ആരുടെയെങ്കിലും സാന്നിദ്ധ്യം പരാമർശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഫോറൻസിക് ഫലത്തിനൊപ്പം സിസിടിവി കാമറ ദൃശ്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അന്തിമമാക്കാനാണ് പൊലീസിന്റെ തീരുമാനിച്ചിരിക്കുന്നത്.