മോഷണത്തിലൂടെ ലഭിച്ച പണവുമായി കുടിച്ച് ഫിറ്റായി റോഡരുകിൽ കിടന്നുറങ്ങി ; ബോധം വീണപ്പോൾ കള്ളൻ കണ്ടത് പൊലീസിനെ : മുപ്പതോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിലായതിന്റെ ആശ്വാസത്തിൽ നാട്ടുകാരും
സ്വന്തം ലേഖകൻ
പാലക്കാട്: മോഷണത്തിലൂടെ ലഭിച്ച പണവുമായി മദ്യപിച്ച് റോഡരുകിൽ കിടന്ന് ഉറങ്ങിയ കള്ളൻ ബോധം വീണപ്പോൾ കണികണ്ടത് പൊലീസിനെ. മുപ്പതോളം മോഷണക്കേസിലെ പ്രതിയായ തൃശൂർ ഒല്ലൂർ മരത്താക്കര ചൂണ്ടയിൽവീട്ടിൽ സോഡാ ബാബു എന്നറിയപ്പെടുന്ന ബാബുരാജ്(40) ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ കുടുങ്ങിയത്.
വെളളിയാഴ്ച രാത്രിയാണ് ബാബുരാജിന്റെ മോഷണ പരമ്പര ആരംഭിച്ചത്. അന്ന് പുതുക്കാട് നിന്നും മോഷ്ടിച്ച ബുള്ളറ്റിൽ മണ്ണുത്തിയിലെത്തി. അവിടുത്തെ ഒരു വീട്ടിൽനിന്നും രണ്ടുപവൻ മാലയും മൊബൈൽ ഫോണും കവർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വടക്കഞ്ചേരിയിലെത്തി സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മാല പണയംവെച്ചു. ആ പണവുമായി നാലെണ്ണം വീശി റോഡരികിൽ കിടന്നുറങ്ങി. വടക്കഞ്ചേരി ടി.ബി ജംഗ്ഷന് സമീപം റോഡിൽ മദ്യപിച്ച് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ബാബുരാജിനെ ആദ്യം കാണുന്നത്.
പിന്നാലെ വടക്കഞ്ചേരി പൊലീസെത്തി ബാബുരാജിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതോടെ മോഷണ കഥകളെല്ലാം ബാബുരാജ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണയംവച്ച മാല കണ്ടെടുത്തു. മോഷ്ടിച്ച ഫോണും ബൈക്കും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പുതുക്കാട് വലിയത്തുവീട്ടിൽ മാനുവലിന്റെ ബൈക്കും കവർന്നത്. മണ്ണുത്തി ആനക്കൊട്ടിൽ ജാനകിയുടെ മാലയും ഫോണുമാണ് കവർന്നത്. 2017ൽ ബൈക്കുമോഷണമുൾപ്പെടെ വടക്കഞ്ചേരി സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുകളിൽ പ്രതിയാണ് ബാബുരാജ്.
തൃശ്ശൂരിലെ തന്നെ പല സ്റ്റേഷനുകളിലായി 30 മോഷണക്കേസുകളിലും ബാബുരാജ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.