പ്രളയഭീതിയിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും കരകൾ..! മുണ്ടക്കയം ഇളംകാട് പ്രദേശത്ത് വൻ ഉരുൾപ്പൊട്ടൽ; നാട് ഭീതിയിൽ; കൂട്ടിക്കലിലും ഏന്തയാറിലും അടക്കം മലവെള്ളപ്പാച്ചിൽ; മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
ഷെമിമോൾ കൂട്ടിക്കൽ
കോട്ടയം: മണിമലയാറിന്റെയും മീനച്ചിലാറിന്റെയും കൈവഴികളെ പ്രളയഭീതിയിൽ മുക്കി മുണ്ടക്കയം പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ. മുണ്ടക്കയത്തെ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ,വല്യന്ത പ്രദേശത്താണ് വൻ തോതിൽ മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും ഉണ്ടായത്. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം അടിവാരം പ്രദേശത്തും ഉരുൾപ്പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നു മീനച്ചിലാറിന്റെയും മണിമലയാറിന്റെയും പ്രദേശങ്ങളിൽ മലവെള്ളം കുതിച്ചൊഴുകുകയാണ്.
വ്യാഴാഴ്ച പുലർച്ചെ മുതലാണ് മുണ്ടക്കയം കൂട്ടിക്കൽ പൂഞ്ഞാർ പ്രദേശങ്ങളിൽ കനത്ത മഴ ആരംഭിച്ചത്. ഈ മഴയിൽ പ്രദേശങ്ങളിലെ പല ജല സ്രോതസുകളും കരകവിഞ്ഞു. മുണ്ടക്കയം പ്രദേശത്ത് പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയിടിച്ചിലും മണ്ണിടിച്ചിലും ഭീതിയുള്ള സ്ഥലങ്ങളിൽ എല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിൽ നിന്നുള്ള മലവെള്ളപ്പാച്ചിൽ മണിമലയാറ്റിലേയ്ക്കാണ് ഒഴുകിയിറങ്ങുന്നത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് മണിമലയാർ ഒഴുകിയെത്തുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മണിമലയാറിന്റെ കരകളിൽ താമസിക്കുന്ന ആളുകളെ ഭീതിയിൽ ആക്കിയിട്ടുണ്ട്. ഇത് കൂടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും മീനച്ചിലാറ്റിലേയ്ക്കും ഒഴുകിയെത്താനുള്ള സാധ്യത ഏറെയാണ് എന്നു വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മീനച്ചിലാറിന്റെ കരയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ഇളംകാട് പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലിനെയും ഉരുൾപ്പൊട്ടലിനെയും തുടർന്നു ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും, സെക്രട്ടറിയുടെയും, ജീവനക്കാരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷിച്ച് ക്യാമ്പുകളിലേയ്ക്കു എത്തിക്കാനാണ് നാട്ടുകാർ സ്ക്വാഡുകൾ രൂപീകരിച്ചിരിക്കുന്നത്. ഏന്തയാർ ജെ.ജെ മർഫി , കൂട്ടിക്കൽ കെ.എംജെ സ്കൂളുകൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.