
കോട്ടയം നഗരമധ്യത്തിൽ വീണ്ടും ചീട്ടുകളി പിടിച്ചു; 65000 രൂപയുമായി 11 പേർ പൊലീസ് പിടിയിൽ; പിടികൂടിയത് തെക്കും ഗോപുരം പി.ജി.ആർ ക്ലബിലെ ചീട്ടുകളി; ചീട്ടുകളി കളത്തിൽ പൊലീസ് ഉദ്യോഗസ്ഥനും പങ്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരത്തിൽ നിന്നും മീറ്ററുകൾ മാത്രം അകലെയുള്ള തെക്കും ഗോപുരം പി.ജി.ആർ ക്ലബിൽ വൻ ചീട്ടുകളി. ക്ലബിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ, 65000 രൂപയുമായി 11 പേരെ പൊലീസ് പിടികൂടി.
കോട്ടയം നഗരത്തിലെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ക്ലബിൽ ഇത് രണ്ടാം തവണയാണ് പൊലീസ് റെയിഡ് നടത്തുന്നത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലാണ് ഭാരത് ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന ക്ലബിൽ റെയിഡ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ക്രൗൺ ക്ലബിൽ ജില്ലാ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 18 ലക്ഷം രൂപയുമായി 43 പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ ചീട്ടുകളി കളങ്ങളെപ്പറ്റി ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യാന്വേഷണ സംഘം വിവരം ശേഖരിച്ചിരു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തിയത്.
കോട്ടയം നഗരപരിധിയിൽ വരുന്ന ഒരു പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനാണ് ചീട്ടുകളി ക്ലബിന്റെ നടത്തിപ്പിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാളാണ് ഇവിടെ ചീട്ടുകൾ എത്തിച്ചു നൽകിയിരുന്നതും, കളിക്കാൻ എത്തുന്നവർക്കു ഭക്ഷണം എത്തിച്ചു നൽകിയിരുന്നതും എന്നു കണ്ടെത്തിയിട്ടുണ്ട്.
11 പേരാണ് ഇന്നലെ ഇവിടെ കളിക്കാനുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും പിടികൂടിയിട്ടുണ്ട്. 65000 രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്.