
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജൂലെെ 22 ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞപ്പോൾ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴി അധിക ജലം പുഴയിലേക്ക് ഒഴുക്കിയിരുന്നു. അതിനു പുറമേയാണ് ഒരു സ്ലൂയിസ് വാൽവ് കൂടി തുറന്നത്. ഇതു മൂലം ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കലക്‌ടർ അറിയിച്ചു.
ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. പുറപ്പള്ളിക്കാവിലെ ഇപ്പോൾ തുറന്നിട്ടിരിക്കുന്ന നാല് ഷട്ടറുകൾക്ക് പുറമേ 11 ഷട്ടറുകൾ കൂടി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മഞ്ഞുമൽ റെഗുലേറ്ററി ബ്രിഡ്‌ജും തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്‌ടർ അറിയിച്ചു.
കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകരുത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. കേരള തീരത്തെ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് മേൽപറഞ്ഞ ദിവസങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കടൽക്ഷോഭത്തിനും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.