Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും. ഇരുവരേയും ഇന്ന് രാവിലെ 11 മണിയോടെ ബംഗളൂരു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെ ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നക്കൊപ്പം രണ്ട് മക്കളുമുണ്ടായിരുന്നു. സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലേക്കാവും കൊണ്ടുവരിക. ഫ്ലൈറ്റ് വഴിയാണോ റോഡ് മാര്‍ഗമാണോ എന്ന് വ്യക്തമല്ല. ഇരുവരുടെയും കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സ്വപ്നയും സന്ദീപും എപ്പോഴാണ് കേരളത്തിൽ നിന്നും കടന്നതെന്ന് വ്യക്തമല്ല. സംസ്ഥാന അതിർത്തി കടക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഈ സമയത്ത് ഇവർ ബം​ഗളൂരുവിൽ എത്തിയതിനെതിരെ വലിയ വിമർശമാണുയരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരു സംസ്ഥാനങ്ങളിലും പരിശോധനകളുണ്ടെന്നിരിക്കെ ഇവരുടെ യാത്രകള്‍ ദുരൂഹമാണ്. ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയെ ബംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.

എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസിൽ നേരത്തെ ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. തീവ്രവാദ ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. നേരത്തെ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.

ഒളിവിലായി ആറാം ദിവസമാണ് ഇവർ പിടിയിലാകുന്നത്. എൻഐഎ അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഇവർക്കായുള്ള തിരച്ചിൽ പൊലീസും, കസ്റ്റംസും ശക്തമാക്കിയിരുന്നു. അതിനിടെ ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫീസുകൾക്ക് സിആർപിഎഫ് സുരക്ഷ ശക്തമാക്കി.