Spread the love

സ്‌പോട്‌സ് ഡെസ്‌ക്

video
play-sharp-fill

കൊളംബോ: ഇന്ത്യാ രാജ്യം മുഴുവൻ ആഘോഷമാക്കിയ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ചൊല്ലി ശ്രീലങ്കയിൽ വിവാദം കത്തിപ്പടരുന്നു. 2011 ലോകകപ്പ് സച്ചിനു വേണ്ടി ശ്രീലങ്ക ഇന്ത്യയ്ക്കു വിൽക്കുകയായിരുന്നുവെന്ന വിവാദമാണ് ഇപ്പോൾ ശ്രീലങ്കയിലെ പ്രധാന ഹൈലറ്റ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ കൂടി എത്തിയതോടെ കഥ വേറെ തലത്തിലേയ്ക്കു മാറി.

കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനൽ ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന മുൻ ശ്രീലങ്കൻ കായിക മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി മുൻ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർധനെയും രംഗത്ത്. 2011 ലോകകപ്പിൽ ലങ്കൻ ടീമിനെ നയിച്ചത് സംഗക്കാരയായിരുന്നു. അന്ന് ഫൈനലിൽ സെഞ്ചുറി നേടിയ താരമാണ് ജയവർധനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കിൽ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ട്വിറ്ററിൽ കുറിച്ചു. അങ്ങനെയെങ്കിൽ ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ സാധിക്കുമെന്നും സംഗക്കാര കൂട്ടിച്ചേർത്തു. നേരത്തെ ഈ വിവാദത്തോട് പ്രതികരിച്ച മഹേള ജയവർധനെയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തായിരുന്നു സംഗക്കാരയുടെ ഈ പ്രതികരണം.

തിരഞ്ഞെടുപ്പ് അടുത്തെത്തിയോ എന്നായിരുന്നു വിവാദത്തോട് ജയവർധനെയുടെ പ്രതികരണം. ‘സർക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ’? ജയവർധനെ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ മുൻ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമേജയാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന 2011 ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്.

2010 മുതൽ 2015 വരെ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്ന ഇദ്ദേഹം നിലവിൽ രാജ്യത്തെ ഊർജ മന്ത്രി കൂടിയാണ്. ‘2011-ലെ ലോകകപ്പ് ഫൈനൽ നമ്മൾ വിറ്റതാണ്. കായിക മന്ത്രിയായിരുന്നപ്പോഴും ഞാൻ ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. 2011-ൽ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം നമ്മൾ വിറ്റു.

കളിക്കാരെ ഞാൻ ഇതിലേക്ക് കൂട്ടിച്ചേർക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഇതിൽ പങ്കാളികളാണ്’, അലുത്ഗാമേജ ശ്രീലങ്കൻ മാധ്യമമായ സിരാസ ടിവിയോട് പറഞ്ഞു. അതേസമയം തത്കാലം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 1996-ൽ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകൻ അർജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫീല്ഡിങ് പിഴവുകളും ക്യാച്ചുകൾ കൈവിട്ടുമുള്ള ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.