
ഈരയിൽക്കടവ് റോഡിലെ മാലിന്യം തള്ളൽ: ഉടനടി നടപടിയുമായി നഗരസഭ; റോഡിലെ മാലിന്യം നീക്കാൻ ആരംഭിച്ചു; തേർഡ് ഐ ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ
കോട്ടയം: അർദ്ധരാത്രി ഈരയിൽക്കടവിൽ മുപ്പായിക്കാട് കോടിമത റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയുമായി നഗരസഭ. റോഡിലെ ഗതാഗതം പോലും തടസപ്പെടുത്തി തള്ളിയ മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ എത്തി നീക്കം ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് കോടിമത – മുപ്പായിക്കാട് റോഡിൽ മാലിന്യം തള്ളിയത്.
ഈരയിൽക്കടവ് റോഡിൽ മിനി ലോറിയിൽ എത്തിയ സംഘം മാലിന്യം തള്ളിയ വാർത്ത തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്തു കൊണ്ടു വന്നത്. ഇതിനു പിന്നാലെ നാട്ടുകാരും, പ്രദേശ വാസികളായ യുവാക്കൾ അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ രംഗത്ത് എത്തിയത്. ജെ.സി.ബി ഉപയോഗിച്ച് ഈ മാലിന്യം നീക്കം ചെയ്യുകയും, ബാക്കിയുള്ളവ കൃത്യമായി സംസ്കരിക്കുന്നതിനുമാണ് ഇപ്പോൾ നഗരസഭ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയതോടെയാണ് റോഡിലാകെ മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു. കഷ്ടിച്ച് ഒരു ബൈക്കിനു മാത്രമാണ് മാലിന്യത്തിനു നടുവിലൂടെ കടന്നു പോകാൻ സാധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നത്.
എം.സി റോഡിൽ കോടിമതയിൽ നിന്നും മുപ്പായിക്കാട് ഭാഗത്തേയ്ക്കു പോകുന്നതിനായി നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെയും ഇവിടെ യാതൊരു വിധ മാലിന്യ പ്രശ്നങ്ങളും ഇല്ലായിരുന്നു.
എന്നാൽ, ചൊവ്വാഴ്ച രാവിലെ നാട്ടുകാർ ഈ വഴിയിലൂടെ എത്തിയപ്പോഴാണ് ഇവിടെ റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്. മിനി ലോറിയിൽ എത്തിയ സംഘം, ലോറി നിർത്തിയ ശേഷം റോഡിന്റെ ഇരുവശത്തേയ്ക്കും മാലിന്യം തള്ളുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
നേരത്തെ ഈരയിൽക്കടവ് റോഡിൽ അതിരൂക്ഷമായ രീതിയിൽ മാലിന്യം തള്ളിയിരുന്നു. നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയും പൊലീസ് പരിശോധന അടക്കം സജീവമാകുകയും ചെയ്തതോടെയാണ് ഇവിടെയുള്ള മാലിന്യം തള്ളലിന് ഒരു പരിധി വരെ ആശ്വാസമായത്. എന്നാൽ, വീണ്ടും മാലിന്യം തള്ളുന്ന സംഘം സജീവമാകുകയാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളിയ സംഘത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളിവർക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ച് വാഹനം കണ്ടെത്തുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.