
വിദ്യാര്‍ഥികള്‍ക്ക് സഹായമേകാന്‍ ടി.വി ചലഞ്ച്; ജില്ലാ വ്യവസായ കേന്ദ്രം 100 ടെലിവിഷനുകള്‍ നല്കി
സ്വന്തം ലേഖകൻ
കോട്ടയം : വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടുകളില്‍ സൗജന്യമായി പഠന സൗകര്യം ഉറപ്പാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പാക്കുന്ന ടി.വി. ചലഞ്ചിന്റെ ഭാഗമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം 100 ടെലിവിഷന്‍ സെറ്റുകള്‍ നല്കി. കളക്ടറേറ്റില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജീവ് ടെലിവിഷന്‍ സെറ്റുകള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് കൈമാറി.
വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന ഈ ടിവികള്‍ സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കും .
Whatsapp Group 1 | Whatsapp Group 2 |Telegram Group

32 ഇഞ്ച് വലുപ്പമുള്ള എല്‍.ഇ.ഡി. ടിവിയാണ് കൈമാറിയത്. ഒരു സെറ്റിന് 8500 രൂപ വില വരും. ക്ലാസില്‍ പങ്കെടുക്കേണ്ട ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടുകള്‍ക്കും ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വിതരണം. ടി.വി നല്കുന്ന വീടുകളില്‍ കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് സൗജന്യമായി കേബിള്‍ കണക്ഷന് ലഭ്യമാക്കും.
വീടുകളില്‍ ടി.വി ഇല്ലാത്തതിനാല്‍ പഠനത്തിനായി പൊതു കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ജില്ലയിലെ 1204 കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ ടെലിവിഷന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ് .
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര് ഷൈല, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ വി.കെ. ജോസഫ്, അര്ജുനന് പിള്ള, വി.ആര് രാകേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.