
എൻ്റെ മകൾ കോപ്പിയടിക്കില്ല: അവളെ കൊലയ്ക്ക് കൊടുത്തതാണ്: പൊട്ടിക്കരഞ്ഞ് അഞ്ജുവിൻ്റെ അച്ഛൻ: ദുരൂഹമായി അഞ്ജുവിൻ്റെ ആത്മഹത്യ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാഞ്ഞിരപ്പള്ളി കോളേജിലെ ബി.കോം വിദ്യാർത്ഥിനി അഞ്ജുവിൻ്റെ ആത്മഹത്യയിൽ ദുരൂഹത തീരുന്നില്ല. മകളുടെ ആത്മഹത്യയിൽ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിനെ പ്രതി സ്ഥാനത്ത് നിർത്തി അച്ഛൻ ഷാജി രംഗത്ത് എത്തി.
മകള്‍ കോപ്പിയടിക്കില്ലെന്നും, പരീക്ഷയെഴുതാന്‍ എത്തിയ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെ അധികൃതര്‍ കുട്ടിയെ മാനസികമായി തകര്‍ത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛന്‍ ഷാജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതി കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതുമോ എന്നാണ് അഞ്ജുവിന്റെ അച്ഛന്റെ ചോദ്യം.
“കൊച്ച് ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല. ഹാള്‍ടിക്കറ്റില്‍ ആരെങ്കിലും ഉത്തരം എഴുതുമോ ? ഹാള്‍ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുമ്പ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയത്” അഞ്ജുവിന്റെ അച്ഛന്‍ പറയുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ ഷാജി കുട്ടിയെ പ്രിന്‍സിപ്പള്‍ മാനസികമായി തളര്‍ത്തിയെന്ന് ആരോപിക്കുന്നു. പേപ്പര്‍ പിടിച്ചുവാങ്ങുകയും മകളോട് ഒച്ച വയ്ക്കുകയും ചെയ്തുവെന്നാണ് ഷാജി പറയുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ തന്നെ വിളിച്ചാല്‍ താന്‍ മകളെ കൊണ്ടുപോകുമായിരിന്നല്ലോ എന്നേ അച്ഛന് പറയാനുള്ളൂ.
രാവിലെ 12 മണിയോടെയാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലെ പാരലല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്താണ് മകള്‍ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
ചേര്‍പ്പുങ്കല്‍ പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. രാത്രി വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജു. പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ലെന്നും അച്ഛന്‍ ഷാജി പറഞ്ഞു.
പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കി ഞാന്‍ പോകുന്നു എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അഞ്ജു ഷാജി അയച്ചിരുന്നു. ഈ സന്ദേശവും പൊലീസ് പരിശോധിച്ചു.