
മദ്യശാലകൾ തുറക്കാൻ അനുമതി: കർശന നിയന്ത്രണങ്ങളോടെ മദ്യ ഷാപ്പുകൾ തുറക്കും; ഒരു സമയം ബിവറേജിൽ അഞ്ചു പേർ മാത്രം; ബാറുകൾ തുറക്കാൻ അനുമതിയില്ല
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മദ്യ ശാലകൾ തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. എന്നാൽ, കർശന നിയന്ത്രണങ്ങളോടെയാണ് മദ്യശാലകൾ തുറക്കാൻ സമ്മതിച്ചിരിക്കുന്നത്. എന്നാൽ, ബാറുകൾ തുറക്കാനും പൊതു സ്ഥലങ്ങളിൽ ഇരുന്ന് മദ്യപിക്കാനും അനുവാദം നൽകിയിട്ടില്ല.
എന്നാൽ, റെഡ് സോണിൽപ്പെട്ട കോട്ടയം കണ്ണൂർ ജില്ലകളിൽ മദ്യവിൽപ്പന ശാല തുറക്കാനുള്ള സാധ്യത ഏറെ കുറവാണ് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യവിൽപ്പന ശാലകളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കാൻ സാധിക്കില്ല. രണ്ടു പേർ തമ്മിൽ ആറടിയിൽ അധികം അകലം ഉണ്ടായിരിക്കണം. പരസ്യമായി പൊതു സ്ഥലങ്ങളിൽ ഇരുന്ന് മദ്യപിക്കാൻ അനുവാദം നൽകിയിട്ടില്ല. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ മദ്യവിൽപ്പന ശാലകൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കൂ. ഇവിടങ്ങളിൽ കർശന ജാഗ്രതയും നിയന്ത്രണവും ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.
എന്നാൽ, ഏതൊക്കെ സോണുകളിൽ മദ്യവിൽപ്പന ശാലകൾ തുറക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും മാത്രമാണ് മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുവാദം നൽകിയത് എന്ന സൂചനയാണ് ലഭിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കണ്ടിട്ടില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്ന ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കൂ. ലോക്ക് ഡൗണിലെ ഇളവുകൾ സംബന്ധിച്ചു മന്ത്രിസഭാ യോഗവും, കൊറോണ വിദഗ്ധ സമിതിയും ചർച്ച ചെയ്യും. ഇതിനു ശേഷമാവും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കണ്ടെത്തിയ ശേഷം കൂടുതൽ നടപടികൾ ആരംഭിക്കും. കേരളത്തിൽ വ്യാജമദ്യ നിർമ്മാണവും വിതരണവും വിൽപ്പനയും ശക്തമായിട്ടുണ്ട്. ഈ സാഹചര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എക്‌സൈസും പൊലീസും ശക്തമായി പരിശോധന നടത്തി വ്യാജമദ്യമാഫിയയെയും സംഘത്തെയും പിടികൂടിയിട്ടുമുണ്ട്. അപകടകരമായ സാഹചര്യത്തിലേയ്ക്കു പോകും മുൻപ് എന്തു ചെയ്യാം എന്ന കാര്യത്തിൽ സർക്കാർ ആലോചിക്കുന്നുണ്ടെന്നു മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പ്രധാനവരുമാന മാർഗങ്ങളിൽ ഒന്നാണ് മദ്യവിൽപ്പന. ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ലോക്ക് ഡൗൺ എത്തിയതും ബിവറേജസ് ചില്ലറ വിൽപ്പന ശാലകൾ അടക്കം അടച്ചു പൂട്ടിയതും. ആദ്യം മദ്യവിൽപ്പന ശാലകൾ അടച്ചിടാതിരിക്കാൻ സംസ്ഥാന സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഇത് എങ്ങും എത്തിയില്ല. തുടർന്നാണ് ഇവ അടച്ചു പൂട്ടേണ്ടി വന്നത്.