ജനകീയ കൂട്ടായ്മയുടെ നന്മ കൊയ്തു ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ
കോട്ടയം: 27 വർഷങ്ങൾക്ക് ശേഷം തുരുത്തുമ്മേൽ പാടത്ത് കൊയ്ത്തുത്സവം. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു കതിര് കൊയ്തു.
ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന ഈറകാടുകളും ഓടപുല്ലുകളും പാടത്തെ ജലമൂറ്റി വളർന്ന അക്വേഷ്യ മരങ്ങളുമൊക്കെയായി പാടമേത് കരയേതെന്നറിയാതെ കിടന്നിരുന്ന നൂറേക്കറോളമുള്ള തുരുത്തുമ്മേൽ പാടം കൃഷിയോഗ്യമാക്കുകയെന്നത് അഡ്വ.കെ അനിൽകുമാറിൻ്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മക്ക് ബാലികേറാമല പോലെ അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധിയായ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യാധ്വാനത്തിനൊപ്പം മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങൾ കൃത്യമായ പ്ലാനിംഗോടെ നീണ്ട മൂന്ന് മാസക്കാലം തുരുത്തുമ്മേൽ പാടത്ത് പണിയെടുത്തു. പുതിയ ചാല് കീറി, വളർന്ന് മുറ്റിയ മരങ്ങളും പുല്ലും കാടും നീക്കം ചെയ്ത് പാടം ക്യഷി യോഗ്യമാക്കുകുകയും ശേഷം നൂറ് മേനി കൊയ്യുകയും ചെയ്തതിൻ്റെ അഭിമാന കാഴ്ചയാണിത്.
മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഒത്തൊരുമയുടെ വലിയ വിജയമാണ് തുരുത്തുമ്മേൽ പാടം ക്യഷി യോഗ്യമാക്കിയതിന് പിന്നിൽ. പ്രവർത്തനങ്ങൾ നടക്കുന്ന സമയങ്ങളിൽ പിന്തുണയുമായി കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ, ഹരിത കേരളം മിഷൻ ഉപാദ്ധ്യക്ഷ ഡോ.ടി.എൻ സീമ, ജില്ലാ കൃഷി ഓഫിസർ ബോസ് ജോസഫ് തുടങ്ങിയവർ ഇവിടം സന്ദർശിച്ചിരുന്നു.
പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, കൃഷി അസി. എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ്, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ദീലീപ്, ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ്, ജില്ലാ ട്രഷറർ ഷാജിമോൻ ജേക്കബ്, സംസ്ഥാന കമ്മറ്റിയംഗം അർജുനൻ പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ജയശ്രീ, ജില്ലാ കമ്മറ്റിയംഗംങ്ങളായ ഷിബു ഗണേഷ്, കർത്താ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ലോക്കൽ സെക്രട്ടറി എസ്.ഡി രാജേഷ്, കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ഭരണസമിതിയംഗം ബി.ശശികുമാർ, അഡ്വ.ഷീജാ അനിൽ, പാടശേഖര സമിതി സെക്രട്ടറി സന്തേഷ്, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.