വ്യാജ വാർത്ത ഷെയർ ചെയ്ത ഒരു ലക്ഷം രൂപയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ..! സ്‌റ്റേഷനിൽ പൊട്ടിക്കരഞ്ഞ് യുവാവ്’; കോട്ടയത്തെ കോവിഡ് വ്യാജ പ്രചാരണത്തിൽ ഇതുവരെ പിടിച്ചെടുത്തത് പത്ത് ഫോണുകൾ: അന്വേഷണം സ്ത്രീകളിലേയ്ക്കും; സിഡിഎസ് പാണംപടി ഗ്രൂപ്പിൽ നിന്നും വീഡിയോ ഷെയർ ചെയ്ത നൂറിലേറെ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയത്ത് തബ് ലീഗ് കോവിഡ് ബാധയെന്നു രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ വീട്ടമ്മമാർ അടക്കം കൂടുതൽപ്പേർ കുടുങ്ങിയേക്കും. മാതൃശാഖ ഗ്രൂപ്പിൽ നിന്നും പാണംപടി സിഡിഎസ് ഗ്രൂപ്പിലേയ്ക്കാണ് ഈ വീഡിയോ ഷെയർ ചെയ്ത് പോയത്. ഈ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ത്രീകൾ അടക്കമുള്ള നിരവധിപ്പേർ ഈ വീഡിയോ വിവിധ സ്ഥലങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്തവരുടെ ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പരും, വാട്‌സ്അപ്പ് വിശദാംശങ്ങളും സൈബർ സെൽ ശേഖരിച്ചിട്ടുണ്ട്. ഇത് അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കളിൽ ഒരാളുടെ ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. ഈ ഫോണിലെ വാട്‌സ്അപ്പ് നമ്പർ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ ഷെയർ ചെയ്തിരുന്നത്. പൊലീസ് അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്നും ഒരു ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്തതായി കണ്ടെത്തി. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
23 വയസു മാത്രം പ്രായമുള്ള ഈ യുവാവ് ആറു മാസം മുൻപാണ് ഒരു ലക്ഷം രൂപ വിലയുള്ള ഐഫോൺ വാങ്ങിയത്. ആശിച്ചുമോഹിച്ചു വാങ്ങിയ ഐഫോൺ ഉപയോഗിച്ചു കൊതിതീരും മുൻപാണ് പൊലീസ് ഈ ഫോൺ വ്യാജ വാർത്ത ഷെയർ ചെയ്തതിന് കസ്റ്റഡിയിൽ എടുത്തത്. ഫോൺ തിരികെ തരാൻ അഭ്യർത്ഥിച്ചു പൊലീസിനു മുന്നിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു യുവാവ്. എന്നാൽ, സൈബർ കേസുകളിൽ നിർണ്ണായക തെളിവായതിനാൽ ഫോൺ തിരികെ നൽകാനാവില്ലെന്നു പൊലീസ് നിലപാട് എടുത്തു.
ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി വേണം തെളിവുകൾ കണ്ടെത്താൻ. അതുകൊണ്ടു തന്നെ ഈ ഫോൺ തിരികെ നൽകുന്നത് പ്രായോഗികമല്ലെന്നു പൊലീസ് പറഞ്ഞു. എന്തായാലും പിടിച്ചെടുത്ത പത്ത് ഫോണുകളിൽ ഒന്നായി ഈ ഫോൺ ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മേശപ്പുറത്ത് ഇരിക്കുന്നുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു എതിർവശത്തെ പള്ളിയിൽ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഒളിച്ചിരിക്കുന്നതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് വ്യാപമായി അന്വേഷണം നടത്തി അറസ്റ്റിലേയ്ക്കു കടന്നത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റും നടപടിയും ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.