play-sharp-fill
കൊറോണക്കാലത്ത് പ്രതിരോധമാർഗങ്ങൾ സജീവമാക്കി കേരളം: ബാക്ക് ട്രാക്കിങ്ങുമായി കേരളം സജീവമാകുമ്പോൾ, വീഴ്ച വരുത്തിയ കർണ്ണാടകത്തിൽ ആദ്യ മരണം; രോഗാവസ്ഥ കുറയുന്ന കേരളം പ്രതിരോധത്തിൽ മുന്നേറുന്നു

കൊറോണക്കാലത്ത് പ്രതിരോധമാർഗങ്ങൾ സജീവമാക്കി കേരളം: ബാക്ക് ട്രാക്കിങ്ങുമായി കേരളം സജീവമാകുമ്പോൾ, വീഴ്ച വരുത്തിയ കർണ്ണാടകത്തിൽ ആദ്യ മരണം; രോഗാവസ്ഥ കുറയുന്ന കേരളം പ്രതിരോധത്തിൽ മുന്നേറുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് പ്രതിരോധമാർഗങ്ങൾ സജീവമാക്കി കേരളം ഒറ്റക്കെട്ടായി മുന്നേറുമ്പോൾ, പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തിയ കർണ്ണാടകയിൽ രാജ്യത്തെ ആദ്യ മരണം. സംസ്ഥാനത്ത് മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കകൾക്കു കാരണമെന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. രോഗം നിയന്ത്രണ വിധേയമായതായി തന്നെയാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരമെന്നാണ് സൂചന.

ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കുമാ്ണ് പുതുതായി കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ രോഗമുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇയാളുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്-19ന്റെ രണ്ടാംവരവിൽ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. നേരത്തെ മൂന്ന് പേർക്ക് രോഗം ബാധിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ രോഗികളുള്ളത് കേരളത്തിലാണ്.

കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. തൃശ്ശൂർ സ്വദേശി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുകയാണ്. ഇരുപത്തൊന്നുകാരനായ ഇയാൾ ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തിൽ യാത്രചെയ്തിരുന്നു. വിമാനത്തിൽ വച്ചാണ് രോഗം പകർന്നത് എന്നാണ് സൂചന.

ഇറ്റലിയിൽനിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഇദ്ദേഹം ഈ വിമാനത്തിൽ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിർബന്ധപൂർവം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശങ്ക കൂടുകയാണ്. ഇയാൾ ബന്ധപ്പെട്ടവർക്കും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച കണ്ണൂർ ജില്ലക്കാരനൊപ്പം വിമാനത്തിൽ യാത്രചെയ്തവരെ നിരീക്ഷിക്കും. മാർച്ച് അഞ്ചിന് എസ്.ജി. 54 സ്‌പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. ഈ വിമാനത്തിലെ മറ്റു യാത്രക്കാരെ തിരയുകയാണെന്ന് മലപ്പുറം കളക്ടർ അറിയിച്ചു. രോഗലക്ഷണമുള്ളവർ അടിയന്തരമായി ജില്ലയിലെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഫോൺ: 0483 2737858, 2737857. തിരുവനന്തപുരത്തെ രോഗിയുടെ യാത്രാ വഴികളും തേടും.

കണ്ണൂർ ജില്ലയിൽ കൊറോണ പോസിറ്റീവ് കേസ് ആയത് ദുബയിൽ നിന്ന് എത്തിയ ആൾക്കാണെന്നു ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. മാർച്ച് 5ന് സ്‌പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തി. 7 മുതൽ 10വരെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളിൽ ദുബയ് ഉൾപെട്ടിട്ടില്ലാത്ത തിനാലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു അയക്കുകയായിരുന്നു. 7ന് പരിശോധനക്ക് അയച്ച സാമ്ബിളിന്റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തിന്റെ കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

ബഹ്‌റൈനിൽ രണ്ട് മലയാളി നേഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ്, തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാരാണ്. രോഗബാധയെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ബഹ്‌റൈനിൽ ഇതുവരെ നാല് ഇന്ത്യാക്കാർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കർണ്ണാടകയിൽ മരിച്ച 76 കാരനും കേരളത്തിൽ രോഗം സ്ഥിരീകരിച്ച 19 പേരുൾപ്പെടെ ഇന്ത്യയിൽ 79 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്താകെ 1,27,522 പേർക്കാണു കോവിഡുള്ളത്. 4708 പേർ മരിച്ചു. ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് രോഗം കൂടുതലുള്ളത്.

ഇറ്റലിയിൽ വ്യാഴാഴ്ച 189 പേർ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1016 ആയി. രോഗികളുടെ എണ്ണം 15,113 ആയി ഉയർന്നു. കോവിഡ് 19 രോഗത്തെ നേരത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ കണ്ണൂരും തൃശൂരുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്തുകൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.

കഴിഞ്ഞദിവസം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 76-കാരന് കൊറോണയായിരുന്നെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ സംസ്‌കാരം കൊറോണ പ്രോട്ടോകോൾ പ്രകാരം നടത്തും.. വടക്കൻ കർണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. സൗദിയിൽനിന്ന് ഫെബ്രുവരി 29-നാണ് ഇയാൾ നാട്ടിലെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് കലബുറഗിയിലെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് സാമ്ബിൾ പരിശോധനാ റിപ്പോർട്ട് കിട്ടിയത്. രാജ്യത്ത് 80 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.