video
play-sharp-fill

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലിൽ കിടത്തി ഇസ്മയിലിനേയും വകവരുത്തി ; പ്ലാസ്റ്റിക് ചാക്കുകളും സർജിക്കൽ ബ്ലേഡുകളും വാങ്ങി മൃതദേഹം നിരവധി കഷ്ണങ്ങളാക്കി ; ഇരട്ടക്കൊലക്ക് പിന്നിൽ പണത്തോടുള്ള ആർത്തി

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലിൽ കിടത്തി ഇസ്മയിലിനേയും വകവരുത്തി ; പ്ലാസ്റ്റിക് ചാക്കുകളും സർജിക്കൽ ബ്ലേഡുകളും വാങ്ങി മൃതദേഹം നിരവധി കഷ്ണങ്ങളാക്കി ; ഇരട്ടക്കൊലക്ക് പിന്നിൽ പണത്തോടുള്ള ആർത്തി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പണത്തിനായി ആർത്തി മൂത്ത് അമ്മയെ ക്രിമിനലായ കൂട്ടാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയയാൾ തെളിവ് നശിപ്പിക്കാൻ കൂട്ടാളിയേയും കൊലപ്പെടുത്തിയെന്ന് ഒടുവിൽ തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞതോടെ പ്രതിയായ മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന രണ്ട് ക്രൂര കൊലപാതകങ്ങൾ തെളിഞ്ഞതിന് പിന്നിൽ പോലീസിന്റെ ക്ഷമയും അന്വേഷണ വൈദഗ്ധ്യവും തന്നെയാണ്.

മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂരകൃത്യങ്ങളെ പുറത്തെത്തിച്ചത്. പ്രതി ബിർജുവിനെ (ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവർഷം മുൻപ് ഇയാൾ കൊലപ്പെടുത്തിയ ശേഷം വെട്ടിമുറിച്ച് ഉപേക്ഷിച്ച ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു പോലീസ് തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്ത് സ്വന്തമാക്കാനാണ് ജയവല്ലിയെ ബിർജു ഇല്ലാതാക്കിയത്.

കേസിലെ പ്രതി ബിർജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ബിർജുവിനും സഹോദരനും സ്വത്തുക്കൾ നൽകിയെങ്കിലും ബിർജു അതെല്ലാം ധൂർത്തടിച്ചു. ഇതിനിടെ മാതാവായ ജയവല്ലിയിൽ നിന്ന് ബിർജു പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ ഇസ്മായിലിനെ ഏർപ്പാടാക്കുന്നത്. ഇസ്മയിലിന് ഒറ്റയ്ക്കു കൊല നടത്താൻ കഴിയാതെ വന്നപ്പോൾ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ച് ഇരുവരും ചേർന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

ജയവല്ലിയെ തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. ഈ കൊലപാതകത്തിന് സഹായിച്ചതിനു 2 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു.

പിന്നീട് പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു.

കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു വെവ്വേറെ ചാക്കിലാക്കി. കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്.

കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. പിന്നീട് ശരീരഭാഗങ്ങളെല്ലാം കണ്ടെത്തുകയും ഡിഎൻഎ പരിശോധനയിലൂടെ ഇസ്മായിലെ ക്രൈം ബ്രാഞ്ച് തിരിച്ചറിയുകയുമായിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നതാണ് തെളിവായത്. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തിയതോടെ കൂടുതൽ ഉറപ്പിനായി പോലീസ് ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധനയും നടത്തി മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു.

ഇയാളുടെ ഇടപാടുകൾ അന്വേഷിച്ചപ്പോഴാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നെന്നു സുഹൃത്തുക്കളിൽ നിന്നും വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു.

തുടർന്നു മുക്കം ഭാഗത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ച പോലീസ് ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്ക് സംശയമുള്ളതായി കണ്ടെത്തി. മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും ഏറെ സംശയങ്ങൾക്ക് ഇടനൽകുന്നതായിരുന്നു.

ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തുകയും തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു.

കോഴിക്കോടിന്റെ വിവിധഭാഗങ്ങളിൽ നിന്നും 2017 ജൂണിൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇജെ ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം ബിനോയ് ആണു കേസ് അന്വേഷിച്ചത്.