
കുമാരനല്ലൂരിലെ ആൾക്കൂട്ട ആക്രമണം: പ്രചാരണം വ്യാജമെന്ന ആരോപണവുമായി പ്രതി ചേർത്തവരുടെ ബന്ധുക്കൾ രംഗത്ത്; വഴിത്തർക്കത്തെ തുടർന്നുണ്ടായ അടിപിടി ആൾക്കൂട്ട ആക്രമണമാക്കിയതായി പരാതി
ക്രൈം ഡെസ്ക്
കോട്ടയം: കുമാരനല്ലൂരിൽ ആൾക്കൂട്ട ആക്രമണം നടന്നതായുള്ള ആരോപണത്തിനെതിരെ പരാതിയുമായി പ്രതിയാക്കപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്ത്. വഴിത്തർക്കത്തിന്റെ ഭാഗമായി നേരത്തെ മുതലുണ്ടായിരുന്ന തർക്കവും വാക്കേറ്റവുമാണ് ഇത്തരത്തിൽ അക്രമത്തിലേയ്ക്കു അടിപിടിയിലേയ്ക്കും നയിച്ചതെന്നാണ് വാദം. വികലാംഗനയ യുവാവിനെയും സുഹൃത്തുക്കളെയുമാണ് കള്ളക്കേസിൽ കുടുക്കിയതെന്നും ബന്ധുക്കൾ വാദിക്കുന്നു.
സംഭവം വ്യാജമാണെന്നും, വീടുകയറി അസഭ്യം പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കം മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ സുധി സുകുമാറിനും, പി.വി ദീപുവിനുമെതിരെ ഇവരുടെ അയൽവാസി കൂടിയായ യുവതി ജില്ലാ പൊലീസ് മേധാവിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ യുവതിയുടെ സഹോദരനെയും സുഹൃത്തുക്കളെയുമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇവർക്കെതിരെ അടിപിടിയ്ക്കുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ആൾക്കൂട്ട ആക്രമണം പോലെയുള്ള മൃഗീയമായ ആക്രമണങ്ങൾ ഒന്നും ഉണ്ടായതുമില്ല.
ഈ രണ്ടു കുടുംബങ്ങളും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ക്രിസ്മസ് ദിനത്തിലും തർക്കമുണ്ടായത്. നേരത്തെ പല തവണ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടും ഇവർ നടപടിയെടുത്തിരുന്നില്ല. നേരത്തെ ദീപു യുവതിയുടെ വീട്ടിലെത്തുകയും, ഇവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ദീപുവിനെതിരെ ഈ വീട്ടുകാർ പൊലീസിൽ പരാതിയും നൽകിയിരുന്നു.
എന്നാൽ, ഈ പരാതിയിൽ ഗാന്ധിനഗർ പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെയാണ് ക്രിസ്മസ് ദിനത്തിൽ ദീപുവും സഹൃത്തും സ്ഥലത്ത് എത്തി അസഭ്യം പറയുകും സംഘർഷം ഉണ്ടാകുകയും ചെയ്തത്.
ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ദീപുവിനും, സുഹൃത്ത് സുധിയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം ഉണ്ടാകുന്നത് തന്റെ വീടിനു മുന്നിൽ വച്ചാണെന്നും യുവതി പറയുന്നു. വീടിനുള്ളിൽ കയറിയെത്തി അസഭ്യം പറയുകയും, തന്നെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരാൻ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.