play-sharp-fill
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഡി രാജ അടക്കം പ്രമുഖ നേതാക്കൾ അറസ്റ്റിൽ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഡി രാജ അടക്കം പ്രമുഖ നേതാക്കൾ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സ്വരാജ് പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സീതാറാം യെച്ചൂരിയേയും ഡി രാജയേയും അറസ്റ്റ് ചെയ്തത്. രാമചന്ദ്ര ഗുഹയെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബംഗലൂരു ടൗൺഹാളിനു മുന്നിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗുഹയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു മാധ്യമത്തോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സംഘം പോലീസുകാർ ചേർന്ന് ഗുഹയെ വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നു. ഡൽഹിയിൽ ലാൽ കിലയിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത്.

‘ഗാന്ധിയുടെ പോസ്റ്റർ കൈവശം വച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും എന്നെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന്
ഗുഹ എൻഡി ടിവിയോട് പറഞ്ഞു. ‘കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നത്. വിവേചനപരമായ നടപടിക്കെതിരെ ഞങ്ങൾ അഹിംസാത്മകമായി പ്രതിഷേധിക്കുന്നത്. ഇവിടെ നോക്കൂ, എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കുന്നു. നിങ്ങൾ എന്തെങ്കിലും അക്രമം കണ്ടിട്ടുണ്ടോ?  അറസ്റ്റ് ചെയ്യപെടുന്നതിന് തൊട്ടുമുൻപായി ഗുഹ പറഞ്ഞു. ഇന്നത്തെ പ്രതിഷേധത്തെ മുൻനിർത്തി ബംഗളൂരിൽ ഇന്നലെ സെക്ഷൻ 144 പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിയായി 10 പ്രധാന നഗരങ്ങളിൽ ഇന്ന് വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. കോൺഗ്രസ്, എൻസിപി, ഇടത് പാർട്ടികൾ, സമാജ് വാദി പാർട്ടി എന്നിങ്ങനെ വിവിധ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തതാണ് പ്രക്ഷോഭം. ക്യാംപസുകളിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭവും വിവിധയിടങ്ങളിൽ തുടരുകയാണ്. പ്രതിഷേധ മാർച്ചുകൾ തടയുന്നതിനായി പോലീസും ജില്ലാ ഭരണകൂടങ്ങളും പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി, ഉത്തർപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാർത്ഥികളടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി തുടരുകയാണ്.

ഡൽഹിയിലെ ചില ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഡൽഹിയിലെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് സ്റ്റേഷൻ അടച്ചത്.
പ്രതിഷേധക്കാരെ തടയാൻ പോലീസ് വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്