play-sharp-fill
ഹർത്താൽ ഭാഗീകം: കോട്ടയം ജില്ലയിൽ വാഹനങ്ങൾ ഓടുന്നു: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഹർത്താലിൽ അക്രമം

ഹർത്താൽ ഭാഗീകം: കോട്ടയം ജില്ലയിൽ വാഹനങ്ങൾ ഓടുന്നു: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഹർത്താലിൽ അക്രമം

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ബില്ലിനെതിരെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ മധ്യകേരളത്തിലും തലസ്ഥാനത്തും സമാധാനപരം. എന്നാൽ , മലബാർ മേഖലയിൽ പലയിടത്തും ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പാലക്കാട്ട് പൊലീസ് ലാത്തി വീശിയപ്പോൾ കണ്ണൂരിലും കാസർകോട്ടും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ മുൻ നക്സലൈറ്റ് നേതാവ് ഗ്രോ വാസു അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹർത്താലുമായി ബന്ധപ്പെട്ട് 45 പേരെയാണ് സംസ്ഥാനത്ത് ഇത് വരെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ 19 പേരെയും മലപ്പുറത്ത് 17 പേരെയും അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ ഹർത്താൽ ഭാഗീകമാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിൽ സർവീസ് നടത്തുന്നുണ്ട്. പരീക്ഷകൾ ഇതുവരെയും മാറ്റി വയ്ക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിയിട്ടുണ്ട്.  ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊതു സ്ഥലങ്ങളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല.

ശബരിമല തീര്‍ഥാടനത്തിന്റെ പേരില്‍ റാന്നി താലുക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശവാര്‍ഡുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്‌നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു.

സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ചയോടെ തന്നെ പൊലീസ് സംഘത്തെ വിന്യസിച്ച്‌ പിക്കറ്റിങ് ഏര്‍പ്പെടുത്തി. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്കായിരിക്കും ജില്ലകളിലെ സുരക്ഷ ചുമതല. വഴി തടയലോ, അക്രമങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. റോഡ് തടസപ്പെടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെഎസ്‌ഇബി എന്നിവയുടെ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം നല്‍കും. കെഎസ്‌ആര്‍ടിസി സര്‍വീസിനും പൊലീസ് അകമ്പടി പോവും. പൊതു സ്വകാര്യ സ്വത്തുക്കള്‍ ഹര്‍ത്താലിന്റെ മറവില്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.