play-sharp-fill
ഹർത്താൽ: സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിയിട്ടില്ല; സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷകൾ നടക്കും

ഹർത്താൽ: സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിയിട്ടില്ല; സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷകൾ നടക്കും

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനോട് സമ്മിശ്ര പ്രതികരണം. ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകളുടെ സംയുക്ത സമിതി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനത്തിലും ഹർത്താലിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് യു.നവാസ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ബി.എസ്.പി ജില്ലാ പ്രസിഡന്റ് വി.എസ് ഷാജൻ, ഹിന്ദുത്വഫാസിസ്റ്റ് വിരുദ്ധ മുന്നണി ചെയർമാൻ എം.ജെ ജോൺ, കേരള ചേരമർസംഘം ഭാരവാഹി ഐ.ആർ സദാനന്ദൻ, എൻ.ഡി.എൽ.എഫ് നേതാവ് അഡ്വ.പി.ഒ ജോൺ, അഖിലകേരള ഹിന്ദു ചേരമ മഹാസഭാ നേതാവ് വി.ടി രഘു , ജിന മിത്ര എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ക്രിസ്മസ് പരീക്ഷ നടക്കുന്ന കാലമായിട്ടു കൂടി ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും, പരീക്ഷ മാറ്റി വയയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. എല്ലാ സ്‌കൂളിലും പരീക്ഷ നടക്കും എന്ന നിലപാട് തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. എംജി സർവകലാശാലയും ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റി വച്ചിട്ടില്ല.

എന്നാൽ, ഹർത്താലിൽ ഏതെങ്കിലും സംഘടനകൾ തങ്ങൾക്ക് കത്തു നൽകിയിട്ടില്ലെന്നി ജില്ലാ പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനിലും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയാൽ സുരക്ഷ ഒരുക്കും. ഏതെങ്കിലും രീതിയിലുള്ള സുരക്ഷ ആവശ്യമുണ്ടെങ്കിൽ പൊലീസ് നൽകുമെന്നും ജില്ലാ പൊലീസ് അറിയിച്ചു.

സർവീസ് നടത്തുന്നതിനു പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടുണ്ട്. ഹർത്താലിനെ പിൻതുണയ്ക്കുന്നില്ലെന്നും എന്നാൽ, അക്രമം ഉണ്ടായാൽ തങ്ങളെ സംരക്ഷിക്കാൻ ആളില്ലെന്നും അതുകൊണ്ടു തന്നെ സർവീസ് നടത്തില്ലെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അറിയിച്ചു. എന്നാൽ, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കാനാണ് തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രസ്താവനയിൽ അറിയിയച്ചു.