
പൗരത്വ ഭേദഗതി ബിൽ : മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം ; മുപ്പതിയാറുകാരി തൂങ്ങി മരിച്ചു
സ്വന്തം ലേഖിക
കൊൽക്കത്ത: രാജ്യം മുഴുവൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ഭയന്ന് മുപ്പത്തിയാറുകാരി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ പർബാ ബർദമൻ ജില്ലയിലാണ് സംഭവം.
19 വയസ്സുകാരനായ മകന് ആധാർ കാർഡ് ഉണ്ടായിരുന്നില്ലെന്നും മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയമാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിപ്ര സിക്തർ എന്ന യുവതിയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു. വാൻ ഡ്രൈവറാണ് ഷിപ്രയുടെ ഭർത്താവ്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളാണ് ദമ്പതികൾക്കുളളത്. 19 വയസ്സുകാരനായ മകന് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. അതിനാൽ പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത് മുതൽ ഷിപ്ര ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മകൻ രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്ന ഷിപ്ര മകന്റെ രേഖകൾ ശരിയാക്കാൻ നിരവധി തവണ ബിഡിഒ ഓഫീസിൽ പോയിരുന്നു. എന്നാൽ രേഖകളൊന്നും ശരിയായില്ല. തുടർന്ന് മകന് രാജ്യം വിടേണ്ടി വരുമോ എന്ന ഭയത്തിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴുത്തിൽ മഫൽ ചുറ്റിയാണ് ഷിപ്ര സിക്തർ തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് യുവതി കുടുംബം പുലർത്തിയിരുന്നത്. എന്നാൽ യുവതിയുടെ മരണ കാരണം പൗരത്വ ഭേദഗതി നിയമം പേടിച്ചല്ലെന്നും ഭർത്താവുമായുളള നിരന്തരം വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.