21 യുദ്ധവിമാനങ്ങൾ, 5 നാവിക കപ്പലുകൾ; തയ്‌വാനെ വിടാതെ ചൈന
തായ്‌പെയ്: അമേരിക്കയുടെ പ്രകോപനത്തിന് പിന്നാലെ തയ്‍വാനെ വിടാതെ ചൈന. തയ്‍വാനെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും ചൈന വിന്യസിച്ചിട്ടുണ്ട്. ഇവയിൽ ചിലത് കടലിടുക്കിലെ അതിർത്തി ഭേദിച്ചതായി തയ്‍വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ചൈനീസ് സൈന്യത്തിന്‍റെ 17 വിമാനങ്ങളും അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തയ്‍വാൻ അവകാശപ്പെട്ടു. 17 ചൈനീസ് യുദ്ധവിമാനങ്ങളിൽ എട്ടെണ്ണം തയ്‍വാൻ കടലിടുക്കിലെ സമുദ്രാതിർത്തി ലംഘിച്ചതായും സൈന്യം അറിയിച്ചു. ചൈനയുടെ നീക്കങ്ങളെ നേരിടാൻ തയ്യാറാകാൻ കോംബാറ്റ് എയർ പട്രോളിംഗ് (സിഎപി), നാവിക കപ്പലുകൾ, വ്യോമ പ്രതിരോധ മിസൈൽ സംവിധാനം എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്‍വാനിൽ എത്തിയതിന് പിന്നാലെയാണ് ചൈന പ്രകോപനപരമായ നടപടികൾ ആരംഭിച്ചത്. തയ്‍വാൻ മിസൈൽ പരീക്ഷണം നടത്തിയിരുന്ന പ്രദേശത്ത് 51 ചൈനീസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം തയ്‍വാൻ സൈന്യം കണ്ടെത്തിയിരുന്നു. പെലോസിയുടെ സന്ദർശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. ദിവസങ്ങളോളം, ചൈന തയ്‍വാനെ ചുറ്റി മിസൈലുകൾ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് കടലിലും വായുവിലും സൈനികാഭ്യാസം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group