കേരളത്തിൽ നിന്ന് ബന്ധുവീട്ടിൽ വന്ന 12കാരൻ കുളത്തിൽ വീണ് മരിച്ച സംഭവം; 14 കാരൻ അറസ്റ്റിൽ; ഭൂതപാണ്ടിയ്ക്ക് സമീപം കണ്ടെത്തിയത് വിഴിഞ്ഞം സ്വദേശികളായ ദമ്പതികളുടെ മകൻ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്
സ്വന്തം ലേഖകൻ
കന്യാകുമാരി: ഭൂതപാണ്ടിയ്ക്ക് സമീപം തിട്ടുവിളയിൽ ഒരു വർഷം മുമ്പ് 12കാരൻ കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ 14കാരൻ അറസ്റ്റിൽ. കേരളത്തിൽ നിന്ന് ബന്ധുവീട്ടിൽ വന്ന പന്ത്രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ച സംഭവത്തിലാണ് 14കാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി വിഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം-സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെ(12) ആണ് 2022 മെയ് എട്ടിന് ഇറച്ചകുളത്തിലുള്ള ബന്ധുവീട്ടിൽ വന്നപ്പോൾ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് ആറിനാണ് ബന്ധുവീട്ടിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേക്കുറിച്ച് കന്യാകുമാരി ജില്ലാ പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ആദിൽ മുഹമ്മദിന്റെ രക്ഷിതാക്കൾ കേരള സർക്കാരിന് പരാതി നൽകുകയും തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്വേഷണം സി.ബി.സി.ഐ.ഡി യ്ക്ക് കൈമാറുകയുമായിരുന്നു. ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വ്യാഴാഴ്ച 14 ന് കാരനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
14 കാരനെതിരെ വിവിധ വകുപ്പുകളിൽ കേസ് എടുത്ത് തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവ ദിവസം ആദിൽ മുഹമ്മദ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലാതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നുമാണ് 14 കാരനെ പിടികൂടിയത്. സി.ബി.സി.ഐ.ഡി.ഡി.എസ്.പി ശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.