play-sharp-fill
പത്തു രൂപ കൊടുത്താൽ കളിക്കാം ഉല്ലസിക്കാം..! കുട്ടികൾക്ക് അടിച്ചു പൊളിക്കാൻ നാഗമ്പടത്ത് നെഹ്‌റു പാർക്ക്

പത്തു രൂപ കൊടുത്താൽ കളിക്കാം ഉല്ലസിക്കാം..! കുട്ടികൾക്ക് അടിച്ചു പൊളിക്കാൻ നാഗമ്പടത്ത് നെഹ്‌റു പാർക്ക്

സ്വന്തം ലേഖകൻ

കോട്ടയം: സായാഹ്നങ്ങളും വിശ്രമ വേളകളും ആസ്വദിയ്ക്കാൻ സൗകര്യമില്ലാത്ത കോട്ടയത്തുകാർക്ക് കുറഞ്ഞ ചിലവിൽ സായാഹ്നങ്ങൾ ആർഭാടകരമാക്കാൻ സൗകര്യം ഒരുങ്ങി. പത്തു രൂപ കൊടുത്താൽ കുട്ടികൾക്ക് മണിക്കൂറുകളോളം സായാഹ്നങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് നാഗമ്പടത്ത് ഒരുങ്ങിയത്. വർഷങ്ങളോളമായി അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന നാഗമ്പടത്തെ നഗരസഭ ജൂബിലി പാർക്കായ നെഹ്‌റു പാർക്കാണ് കുട്ടികളെ ആകർഷിക്കുന്നത്.


എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയാണ് പാർക്കിൽ ഫീസ് ഈടാക്കി പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോടിമത എംസി റോഡരികിൽ നൂറ് രൂപ ഫീസ് ഈടാക്കി പരിമിതമായ സൗകര്യങ്ങളിൽ പാർക്ക് നാട്ടുകാരെ ഊറ്റിപ്പിഴിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് കുട്ടികളെ അതിവിശാലമായ സൗകര്യങ്ങളിലേയ്ക്കു മാടി വിളിച്ച് നഗരസഭ സ്വന്തമായി നെഹ്‌റു പാർക്ക് തുറന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് നഗരസഭയുടെ നെഹ്‌റു പാർക്കിൽ പ്രവേശനം സൗജന്യമാണ്. അഞ്ചിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പത്തു രൂപയും, മുതിർന്നവർക്ക് ഇരുപത് രൂപയുമാണ് പാർക്കിലെ ഫീസ്.

2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരിച്ചിരിക്കുന്നത്. ഇതിൽ 1.62 കോടി രൂപ എം.എൽ.എ ഫണ്ടാണ്. 45 ലക്ഷം രൂപയാണ് കോട്ടയം നഗരസഭ കണ്ടെത്തിയിരിക്കുന്നത്. പാർക്കിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ കുട്ടികൾക്കുള്ള വിനോദോപാധികൾ, നടപ്പാത, പുൽത്തകിടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ എന്നിവയും പാർക്കിൽ ക്രമീകരിച്ചിട്ടുണ്ട്.

നേരത്തെ ഒരു മഴ പെയ്താൽ പാർക്ക് വെള്ളത്തിൽ മുങ്ങുമായിരുന്നു. ഇത് ഒഴിവാക്കാനായി പാർക്ക് മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. പ്രശസ്ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച മൂന്നു കോടി രൂപ വില വരുന്ന ശില്പങ്ങൾ പാർക്കിലുണ്ട്. ഇത് സൗജന്യമായാണ് അദ്ദേഹം നിർമ്മിച്ച് നൽകിയത്. പുതുവർഷത്തിന്റെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയ കുട്ടികളുടെ കലാപ്രകടനങ്ങൾ ഇവിടെ നടക്കും.

കഴിഞ്ഞ ദിവസം മന്ത്രി എ.സി മൊയ്തീനാണ് പാർക്ക് സാധാരണക്കാർക്കായി തുറന്നു നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും തോളോടു തോൾ ചേർന്നു നിന്നതോടെയാണ് അസാധ്യമെന്ന് നാട്ടുകാർ കരുതിയിരുന്ന പാർക്കിന്റെ പുനരുദ്ധാരണം യാഥാർത്ഥ്യമായത്. നാലു വർഷത്തിലേറെയായി എങ്ങുമെത്താതെ കിടന്നിരുന്ന പാർക്ക് നവീകരണത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്തു നൽകി.

മുൻപിരുന്ന സെക്രട്ടറി അടക്കമുള്ളവർ ഉടക്കുമായി നിന്നിട്ടും തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി ഒപ്പം ഓടി നടന്ന നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും പാർക്ക് യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.