
യുട്യൂബ് കണ്ട് ഹിപ്‌നോട്ടിസം; തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചു; ബോധമറ്റുവീണ് വിദ്യാര്‍ത്ഥികള്‍; ആശങ്കയില്‍ അദ്ധ്യാപകരും രക്ഷിതാക്കളും
തൃശൂർ: യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്‌നോട്ടിസം പരീക്ഷിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍.
കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ഹിപ്‌നോട്ടിസം അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്.
യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തതാണ് വിനയായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളില്‍ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധരഹിതരായ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. ആശുപത്രിയില്‍ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. ഇവരുടെ രക്തവും ഇ.സി.ജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ ആദ്യം ആശുപത്രിയില്‍ എത്തിയ കുട്ടികള്‍ സാധാരണ നിലയിലേക്കെത്തി.
ഒടുവില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് രക്ഷിതാക്കള്‍ക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്വാസം വീണത്.
നാലുപേരുടെയും സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് കൗതുകത്തിനായി യൂട്യൂബ് കണ്ട് ഹിപ്‌നോട്ടിസം പരീക്ഷിച്ചത്.