Spread the love

2027ലെ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപി മന്ത്രിസഭയിൽ അഴിച്ചുപണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയതായി ആറ് മന്ത്രിമാര്‍ ഞായറാഴ്ച വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ചിരുന്നു. ആറ് മന്ത്രിമാര്‍ അധികാരമേല്‍ക്കുമ്പോള്‍ നിലവിലുള്ള മന്ത്രിമാരുടെ ചുമതലകളിലും മാറ്റം വരുന്നുണ്ട്. ലഖ്‌നൗവില്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് മന്ത്രിസഭ വിപുലീകരണം നടക്കുക. ഭൂപേന്ദ്ര ചൗധരി, മനോജ് പാണ്ഡെ, പൂജ പാല്‍, ഹാന്‍സ് രാജ് വിശ്വകര്‍മ, കൃഷ്ണ പാസ്വാന്‍, സുരേഷ് പാസ്വാന്‍ എന്നിവരാകും പുതിയതായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്നാണ് വിവരം. അതേസമയം സ്വതന്ത്ര ചുതലവഹിക്കുന്ന ഒരു സഹമന്ത്രിയെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുമെന്നും വിവരമുണ്ട്.

video
play-sharp-fill

2027ല്‍ നടക്കുന്ന യുപി നിയസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജാതി, പ്രാദേശിക പ്രാതിനിധ്യം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ മാറ്റം എന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ 54 മന്ത്രിമാരാണ് യുപി സര്‍ക്കാരിന്റെ ഭാഗമായുള്ളത്. അനുവദനീയമായ ക്യാബിനറ്റ് അംഗബലം 60ആണ്. 2017ലാണ് അഖിലേഷ് യാദവ് നയിച്ച സമാജ്‌വാദി പാര്‍ട്ടിയുടെ സര്‍ക്കാരിനെ പുറത്താക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2022 വീണ്ടും സംസ്ഥാനത്തെ ഭരണംപിടിച്ചെങ്കിലും 2024ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ അഴിച്ചുപണിയിലേക്ക് പോകുന്നത്. 403 അംഗ യുപി നിയസഭയില്‍ ബിജെപിക്ക് നിലവില്‍ 255 എംഎല്‍എമാരാണുള്ളത്.