play-sharp-fill
ഗാനഗന്ധർവനായ യേശുദാസിനെ “അഴകുള്ള സെലീന “യിലൂടെ ആദ്യമായി സംഗീതസംവിധായകനാക്കിയ നിർമ്മാതാവിന്റെ ഓർമ്മ ദിനമാണിന്ന്: ബാലതാരമായിരുന്ന കമലഹാസനെ നായകനാക്കി: ഇദ്ദേഹം ആരെന്നറിയാമോ?

ഗാനഗന്ധർവനായ യേശുദാസിനെ “അഴകുള്ള സെലീന “യിലൂടെ ആദ്യമായി സംഗീതസംവിധായകനാക്കിയ നിർമ്മാതാവിന്റെ ഓർമ്മ ദിനമാണിന്ന്: ബാലതാരമായിരുന്ന കമലഹാസനെ നായകനാക്കി: ഇദ്ദേഹം ആരെന്നറിയാമോ?

 

കോട്ടയം: 1974 – ൽ എം ടി യുടെ തിരക്കഥയിൽ പുറത്തിറങ്ങിയ”കന്യാകുമാരി ” എന്ന ചലച്ചിത്രം മലയാളത്തിലൂടെ നായകനായി വന്ന് ഉലകനായകനായി മാറിയ കമലഹാസനെ മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു .

ചിത്രാഞ്ജലി ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്
കെ എസ് സേതുമാധവനും നിർമ്മിച്ചത് അദ്ദേഹത്തിന്റെ സഹോദരൻ കെ എസ് ആർ മൂർത്തിയുമായിരുന്നു .
അതെ, സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതുമായ ഏകദേശം ഒരു ഡസനിലധികം ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയെ ദേശീയ പ്രശസ്തിയിലേക്കുയർത്തിയ
കെ എസ് ആർ മൂർത്തി തന്നെ.
ബാലതാരമായി

രംഗത്തെത്തിയ കമലഹാസന് ആദ്യമായി നായകവേഷം നൽകുന്നത്
കെ എസ് ആർ മൂർത്തി എന്ന നിർമ്മാതാവാണ്.
ചിത്രകലാകേന്ദ്രത്തിന്റെ ബാനറിൽ പാറപ്പുറത്തിന്റെ
” പണിതീരാത്ത വീട് “എന്ന നോവൽ ചലച്ചിത്രമാക്കിയതും കെ എസ് ആർ മൂർത്തി തന്നെയായിരുന്നു .
ഈ ചിത്രത്തെക്കുറിച്ച് എടുത്തു പറയേണ്ട മറ്റൊരു വസ്തുത
കെ എസ് സേതുമാധവന്റെ സ്ഥിരം സംഗീത സംവിധായകനായിരുന്ന ദേവരാജൻ മാസ്റ്ററെയും ഗാനഗന്ധർവൻ യേശുദാസിനേയും പൂർണ്ണമായും മാറ്റി നിർത്തിക്കൊണ്ട് ഒരു വമ്പിച്ച മ്യൂസിക്കൽ ഹിറ്റ് ചിത്രം ഒരുക്കുവാൻ മൂർത്തിക്ക് കഴിഞ്ഞു എന്നുള്ളതാണ്.
ഭാവഗായകൻ ജയചന്ദ്രന് “സുപ്രഭാതം സുപ്രഭാതം …..” എന്ന ഗാനാലാപനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നതും മൂർത്തി നിർമ്മിച്ച “പണിതീരാത്ത വീട് “എന്ന ചിത്രത്തിലൂടേയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശസ്ത തെന്നിന്ത്യൻ ഗായകനായിരുന്ന
എ എം രാജയെ “അമ്മ എന്ന സ്ത്രീ “യുടെ സംഗീതസംവിധായകനായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും മൂർത്തിക്ക് അവകാശപ്പെട്ടത് തന്നെ.
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ വെട്ടൂർ രാമൻ നായരുടെ “ജീവിക്കാൻ മറന്നു പോയ സ്ത്രീ “എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കി കൊണ്ട് അതുവരെ മാദകനടിയായി പ്രത്യക്ഷപ്പെട്ടിരുന്ന വിജയശ്രീയെ പുതിയൊരു

നായികാസങ്കൽപ്പത്തിലേക്ക് വളർത്തിയെടുക്കാൻ
കെ എസ് ആർ മൂർത്തി ചെയ്ത സംഭാവനയും സ്മരണീയമാണ്.
ഗാനഗന്ധർവനായ യേശുദാസിനെ “അഴകുള്ള സെലീന “യിലൂടെ ആദ്യമായി സംഗീതസംവിധായകനാക്കിയത്
കെ എസ് ആർ മൂർത്തിയാണെന്ന് ഇന്നും പലർക്കുമറിയില്ല.
അഭിനയ ചക്രവർത്തിയായിരുന്ന സത്യൻ തിളങ്ങിനിന്നിരുന്ന കാലത്ത് ഷീലയെ നായികയാക്കിക്കൊണ്ട് നായികാപ്രാധാന്യമുള്ള
” ഒരു പെണ്ണിന്റെ കഥ ” എന്ന ഉജ്ജ്വല ചിത്രം നിർമ്മിക്കാൻ അദ്ദേഹം കാട്ടിയ ചങ്കൂറ്റം പ്രശംസനീയമായിരുന്നു.
ഇങ്ങനെ മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട
പല വലിയ സംഭാവനകളും നൽകിയ ഈ നിർമാതാവിന്റെ ഏതാനും ചിത്രങ്ങളിലെ ഗാനങ്ങൾ കൂടെ ഇവിടെ രേഖപ്പെടുത്തുന്നു.

“ആലുവാപ്പുഴയ്ക്കക്കരെയുണ്ടൊരു പൊന്നമ്പലം …. ”
. ( ചിത്രം ആദ്യത്തെ കഥ, രചന വയലാർ, സംഗീതം അർജുനൻ, ആലാപനം ലതാരാജു ) “കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ …. ”
( ചിത്രം പണിതീരാത്ത വീട്, രചന വയലാർ ,സംഗീതവും ആലാപനവും എം എസ് വിശ്വനാഥൻ )
“വീണപൂവേ വീണപൂവേ കുമാരനാശാന്റെ വീണപൂവേ ..”.(യേശുദാസ് )

” അഷ്ടപദിയിലെ നായികേ യക്ഷഗായികേ … ”
(ജയചന്ദ്രൻ – രണ്ടു ഗാനങ്ങളും ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന ചിത്രത്തിൽ നിന്ന് രചന വയലാർ, സംഗീതം എം എസ് . വിശ്വനാഥൻ )
“പൂന്തേനരുവി
പൊന്മുടിപ്പുഴയുടെ അനുജത്തി …. ”
“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു …”
( ചിത്രം ഒരു പെണ്ണിന്റെ കഥ – രചന വയലാർ -സംഗീതം ദേവരാജൻ -രണ്ടു ഗാനങ്ങളുടേയും ആലാപനം
പി സുശീല )

“തൃപ്രയാറപ്പാ ശ്രീരാമ … ”
(ചിത്രം ഓർമ്മകൾ മരിക്കുമോ
രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ –
സംഗീതം എം എസ് വിശ്വനാഥൻ – ആലാപനം വാണി ജയറാം )
“ചന്ദ്രപ്പളുങ്ക് മണിമാല …”
(ചിത്രം കന്യാകുമാരി, രചന വയലാർ -സംഗീതം എം ബി ശ്രീനിവാസൻ- ആലാപനം യേശുദാസ് – ജാനകി)
” താജ്മഹൽ നിർമ്മിച്ച രാജശില്പി ഷാജഹാൻ ചക്രവർത്തി …. ”
( പി സുശീല )
” പുഷ്പഗന്ധി സ്വപ്നഗന്ധി….” (യേശുദാസ്, വസന്ത)
“മരാളികേ മരാളികേ…”
(യേശുദാസ് )

(എല്ലാ ഗാനങ്ങളും അഴകുള്ള സെലീന , രചന വയലാർ സംഗീതം യേശുദാസ് )
“സന്ധ്യ മയങ്ങും നേരം …. ”
(ചിത്രം മയിലാടുംകുന്ന് -രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
എന്നീ ഭാവഗാനങ്ങളെല്ലാം
കെ എസ് ആർ മൂർത്തി എന്ന നിർമ്മാതാവിലൂടെ മലയാളത്തിന് ലഭിച്ച വരദാനങ്ങളാണ്.
കലാമൂല്യമുള്ള ഒരുപാടു നല്ല ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയർത്തിയ ഈ നല്ല നിർമ്മാതാവ് 2021 മെയ് 11-നാണ് അന്തരിച്ചത് .
ഇന്ന് അദ്ദേഹത്തിന്റെ ചരമവാർഷികദിനം.
പ്രണാമം.