യമനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി ; സംഘത്തിൽ മലയാളികളടക്കം ഒൻപത് പേർ
സ്വന്തം ലേഖിക
കൊച്ചി; സ്വന്തം നാടിന്റെ കര തൊട്ടപ്പോൾ എല്ലാവരുടെ കണ്ണിലും ഈറനണിഞ്ഞു. 10 ദിവസത്തെ അതിസാഹസിക യാത്രയ്ക്കാണ് ഇന്നലെ കൊച്ചിൽ അവസാനമായത്. 10 ദിവസം കൊണ്ട് മൂവായിരം കിലോ മീറ്ററോളം കടലാണ് ഈ മത്സ്യത്തൊഴിലാളികൾ ആവശ്യത്തിന് ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ താണ്ടിയത്.
2018ൽ രണ്ട് ബാച്ചുകളായാണ് മത്സ്യത്തൊഴിലാളികൾ യമനിലേക്ക് പോയത്. യമൻ പൗരനായ സുൽത്താനുവേണ്ടിയാണ് ജോലി ചെയ്യുന്നത്.എന്നാൽ കൃത്യമായ വേതനം പോലും ലഭിക്കാതെ അവർ പറ്റിക്കപ്പെടുകയായിരുന്നു. അടിമകളെ പോലെയാണ് മത്സ്യത്തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശ്രമ സമയം പോലും നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നു. കുറേ ദിസങ്ങൾക്ക് ശേഷം ഒരു ദിവസമൊക്കെയാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. ഗതികെട്ടതോടെയാണ് ഇവർ കടലിൽ പോയിരുന്ന ബോട്ടുമായി രക്ഷപ്പെട്ടത് ആവശ്യത്തിന് ഇന്ധനമോ ഭക്ഷണമോ അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് രക്ഷപ്പെടുമെന്ന പ്രതീക്ഷ മാത്രമായിരുന്നു.
കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൻ(47), ആൽബർട്ട് ന്യൂട്ടൻ(35), എസ്‌കലിൻ(29), അമൽ വിവേക്(33), ഷാജൻ(33), സഹായ ജഗൻ(28), സഹായ രവികുമാർ(30), കൊല്ലം സ്വദേശികളായ നൗഷാദ് (41), നിസാർ (44) എന്നിവരാണ് കടലിനെ തോൽപ്പിച്ച് കരയിലേക്ക് എത്തിയത്.
കഴിഞ്ഞ ഡിസംബർ പതിനെട്ടിനാണ് ഇവർ ഷാർജയിലെത്തിയത്. അവിടത്തെ സ്‌പോൺസർ യമനിലെ മറ്റൊരാൾക്ക് കൈമാറി. മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോൾ ഇവർ കടലിൽ പോകുന്നത് നിറുത്തി. ഇതോടെ സ്‌പോൺസർ ഭക്ഷണവും നൽകാതായി. പട്ടിണിയായതോടെ ഇവർ വീണ്ടും ബോട്ടിൽ ജോലിക്കെന്ന പേരിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ലക്ഷദ്വീപിന് സമീപത്തെത്തിയപ്പോൾ ഇന്ധനവും ഭക്ഷണവും തീർന്നു. കൂട്ടത്തിലുള്ള ഒരു തൊഴിലാളിയുടെ ഭാര്യയെ സാറ്റ്‌ലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ ഇവർ വിവരം തീര സംരക്ഷണ സേനയെ അറിയിച്ചു. സേനയുടെ നിരീക്ഷണ വിമാനമാണ് സംഘത്തെ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് കപ്പലായ ആര്യമാൻ ഇവരെ കൊച്ചിയിലെത്തിച്ച് കോസ്റ്റൽ പൊലീസിന് കൈമാറി. ബോട്ട് പൊലീസ് കസ്റ്റഡിയിലാണ്.