
സ്വന്തം ലേഖകൻ
കൊച്ചി; വിവാഹം നടത്താനുള്ള റബായി എത്തുന്നത് ഇസ്രയേലില്‍ നിന്നും
കൊച്ചി: യഹൂദക്കല്ല്യാണത്തിന് വേദിയാകാന്‍ ഒരുങ്ങി കൊച്ചി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഹൂദആചാര പ്രകാരമുള്ള ഒരു വിവാഹത്തിന് കൊച്ചി വീണ്ടും സാക്ഷിയാകാന്‍ ഒരുങ്ങുന്നത്.
ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി ബിനോയ് മലാഖൈ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകളും യുഎസില്‍ ഡേറ്റ സയന്റിസ്റ്റുമായ റേച്ചല്‍ മലാഖൈയും യുഎസ് പൗരനും നാസ എന്‍ജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണു വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
21നു കൊച്ചിയിലെ റിസോര്‍ട്ടിലാണ് ഇരുവരുടേയും വിവാഹം. യഹൂദ ആചാരപ്രകാരമുള്ള ചൂപ്പ (മണ്ഡപം) കെട്ടി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്ബോള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ കൗതുകത്തോടെ ആ ചടങ്ങുകള്‍ വീക്ഷിക്കും. കേരളത്തില്‍ യഹൂദപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹവും ഇതാണ്. ഇന്ന് കേരളത്തിലെ യഹൂദപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകളാണ്.
നിയന്ത്രണങ്ങള്‍ അനുസരിച്ചു വധൂവരന്മാര്‍ക്കു പുറമേ വിരലില്‍ എണ്ണാവുന്ന ബന്ധുക്കള്‍ക്കു മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. ഇക്കാരണത്താലാണു യഹൂദപ്പള്ളിക്കു പുറത്തു മണ്ഡപം ഒരുക്കി ആചാരപരമായ ചടങ്ങുകള്‍ മുഴുവന്‍ അതിഥികള്‍ക്കും കാണാന്‍ കഴിയും വിധം സ്വകാര്യ റിസോര്‍ട്ടില്‍ നടത്താന്‍ അനുവാദം വാങ്ങിയതെന്നു വധുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇന്നു കേരളത്തില്‍ സ്ഥിരതാമസമുള്ള യഹൂദന്മാര്‍ 25 പേരാണ്. മതപരമായ ചടങ്ങുകള്‍ക്കു കുറഞ്ഞതു 10 യഹൂദരുടെ സാന്നിധ്യം ആചാരപ്രകാരം അത്യാവശ്യമാണ്.
കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആകെ നടന്നതു നാലു യഹൂദ വിവാഹങ്ങള്‍ മാത്രമാണ്. 2008 ഡിസംബര്‍ 28നായിരുന്നു അവയില്‍ അവസാന വിവാഹം.
21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്ന് എറണാകുളം ചെമ്ബുമുക്ക് സ്വദേശി ശാലോം, മുംബൈ സ്വദേശി സൂസന്‍ എന്നിവരുടെ വിവാഹം മട്ടാഞ്ചേരി യഹൂദപ്പള്ളിയില്‍ നടന്നത്. വിവാഹച്ചടങ്ങുകള്‍ നടത്താനുള്ള റബായിമാര്‍ അന്ന് കൊച്ചിയിലുണ്ടായിരുന്നു. ഇത്തവണ റബായി ആരിയല്‍ ടൈസണ്‍ ഇസ്രയേലില്‍ നിന്നാണു കൊച്ചിയിലെത്തുന്നത്.