ആരാധനാ സ്വാതന്ത്ര്യവും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം: ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത

തേർഡ് ഐ ബ്യൂറോ

കോട്ടയം : നൂറ്റാണ്ടുകളായി പിൻതുടരുന്ന വിശ്വാസ ആരാധനാ രീതികൾ സംരക്ഷിക്കപ്പെടണമെന്ന് യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

അടിച്ചമർത്തിയും പിടിച്ചടക്കിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് കരുതുന്നവർ നിരാശരാകും. പല ക്രിസ്തീയ സഭകളും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, കോടതി വിധിയുടെ പേരിൽ പള്ളികൾ പിടിച്ചടക്കുവാനും, സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് കാലം മറുപടി നൽകുമെന്നും, ഏത് പ്രതിസന്ധി വന്നാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ തന്നെ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയോടുള്ള നീതി നഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ആരംഭിച്ച റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികാരി ഫാ: യൂഹാനോൻവേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, പള്ളി സെക്രട്ടറി പുന്നൂസ് പി. വർഗീസ്, കൗൺസിലർ കെ. ശങ്കരൻ, സി,പി.ഐ ജില്ലാ കമ്മറ്റി അംഗം കെ. രമേശ്, കോൺഗ്രസ് മണ്ഠലം പ്രസിഡന്റ് ജോൺ ചാണ്ടി, ട്രസ്റ്റി ജോബി സഖറിയ, കെ.ഇ ഏബ്രഹാം, മാണി ഏബ്രഹാം എന്നിവർ സംസാരിച്ചു.