
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍.
ഏഷ്യൻ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി. കേസ് നാളെ പരിഗണിക്കും.
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. ഈ മാസം 30 31 തീയതികളില്‍ ആണ് സെലക്ഷൻ ട്രയല്‍സ് നടക്കുന്നത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനും പാർശ്വവല്‍ക്കരിക്കുന്നതിനോ ഉള്ള ഒരു കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ വിമർശനം നടത്തിയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്.
സെലക്ഷൻ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ട്രയല്‍സിന്റെ ദൃശ്യങ്ങള്‍ പകർത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ നയത്തെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമർപ്പിച്ച ഹർജിയില്‍ ആയിരുന്നു നിർണായക ഉത്തരവ് ഉണ്ടായത്.
പാരീസ് ഒളിമ്പിക്സില്‍ അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ ദേശീയ നാണക്കേട് എന്ന് റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരാമർശത്തെയും ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു.







