199 പേരുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബം ; “38 ഭാര്യമാരും 89 മക്കളും”; താമസം 100 മുറികളുള്ള വീട്ടില്‍

199 പേരുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബം ; “38 ഭാര്യമാരും 89 മക്കളും”; താമസം 100 മുറികളുള്ള വീട്ടില്‍

 

ഐസ്വാള്‍:  199 സ്ഥിരതാമസക്കാര്‍ ഉള്ള വീട് സങ്കല്‍പിക്കാൻ പറ്റുമോ? എന്നാല്‍ അങ്ങനെ ഒരു വീടുണ്ട്. ഏറ്റവും വലിയ കുടുംബമെന്ന ഖ്യാതി നേടിയ മിസോറാമിലെ സിയോന ചനയുടെ കുടുംബം. 199 പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കുടുംബത്തിന്റെ തലവനായിരുന്ന സിയോന ചനയ്ക്ക് 38 ഭാര്യമാരും 89 മക്കളും 36 കൊച്ചുമക്കളുമുണ്ട്.

 

മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. കുടുംബത്തലവൻ സിയോന 2021ല്‍ മരിച്ചെങ്കിലും കുടുംബം ഇപ്പോഴും ഈ പാരമ്ബര്യം തുടരുകയാണ്. ‘ചുവാൻ തർ റണ്‍’ അഥവാ ന്യൂ ജനറേഷൻ ഹൗസ് എന്ന പേരുള്ള 100 മുറികളുള്ള നാലുനില വീട്ടിലാണ് ഇവരുടെ താമസം. ഏറ്റവും വലിയ കുടുംബത്തെ കാണാൻ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നത് കൊണ്ട് വീടിന്റെ താഴത്തെ നില സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

 

കുടുംബത്തിലെ മിക്കവരും കരകൗശല നിർമാതാക്കളാണ്. ഗ്രാമത്തിന് പുറത്ത് കരകൗശല വസ്തുക്കള്‍ വിറ്റ് കിട്ടുന്നതാണ് പ്രധാന വരുമാനം. 2000 ത്തോളം അനുയായികളുള്ള ക്രൈസ്തവ വിശ്വാസികളായ ചന പൗള്‍ വിഭാഗത്തില്‍പ്പെട്ടതാണ് ഈ വലിയ കുടുംബം. സിയോനയുടെ പിതാവ് 1942ല്‍ സ്ഥാപിച്ച വിഭാഗമാണ് ചന. നൂറോളം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരെല്ലാം സിയോനയുടെ കുടുംബം താമസിക്കുന്ന വീടിന് ചുറ്റുമാണ് താമസിക്കുന്നത്. ഈ വിഭാഗത്തില്‍ ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ട്. പതിനേഴാം വയസിലാണ് സിയോനയുടെ ആദ്യ വിവാഹം. അവസാന വിവാഹം 2005ലും. പത്തുപേരെ സിയോന വിവാഹം ചെയ്തത് ഒരേ വർഷമായിരിന്നു.

 

സിയോനയുടെ സ്വകാര്യ കിടപ്പറയുടെ അടുത്തായി ഉള്ള ഡോർമെറ്ററിയിലാണ് ഭാര്യമാർ കിടക്കുന്നത്. ഭാര്യമാർക്കാണ് പാചകത്തിന്റെ ചുമതല. പെണ്മക്കള്‍ വീട് വൃത്തിയാക്കുകയും മറ്റും ചെയ്യും. ആണ്മക്കള്‍ക്കും കുടുംബത്തിനും വീട്ടില്‍ പ്രത്യേകം മുറികളുണ്ട്. അടുക്കള എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്. കുടുംബത്തിന് സ്വന്തമായി സ്കൂളുള്ളതിനാല്‍ വീട്ടിലെ കുട്ടികളും ഗ്രാമത്തിലെ മറ്റ് കുട്ടികളും ഇവിടെയാണ് പഠിക്കുന്നത്. സ്വന്തമായി കൃഷിയും, കന്നുകാലികളും ഉള്ളതിനാല്‍ ഭക്ഷണത്തിന് പുറത്തു പോകേണ്ട കാര്യവുമില്ല.