
ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നടുറോഡില്‍ വച്ചായിരുന്നു സംഭവം.
തെലങ്കാനയിലെ ജഡ്ചേർലയിലെ സ്വകാര്യസ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21) യാണ് കൊല്ലപ്പെട്ടത്. പ്രതി വൈഷ്ണവിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് വിവരം. ഇയാള്‍ പലതവണ പ്രണയാഭ്യർത്ഥനയും നടത്തിയിരുന്നു. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈഷ്ണവിക്ക് നേരേ ആക്രമണമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ആള്‍ക്കൂട്ട മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







